കോട്ടയം: അഞ്ചു വർഷം പൂർത്തിയാക്കും മുൻപ് കേരളകോൺഗ്രസിന്റെ മറ്റൊരു പിളർപ്പിനു കൂടി വേദിയായി കോട്ടയം നഗരം. അധികാരത്തർക്കത്തെ തുടർന്ന് കേരള കോൺഗ്രസ് (എം) രണ്ടു കഷണമായപ്പോൾ, അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സൈക്കിളെടുത്ത് റോഡിലെറിഞ്ഞ് പ്രതീകാത്മകമായി പി.ജെ ജോസഫിനെ പുറത്താക്കിയ പ്രവർത്തകർ, അസഭ്യ മുദ്രാവാക്യവും മുഴക്കി.
ഇന്നലെ ഉച്ചയ്‌ക്ക് സി.എസ്.ഐ റിട്രീറ്റ് സെന്ററിലാണ് കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ.മാണി അനുകൂല വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തത്. ജോസ് വിഭാഗം ശക്തി തെളിയിക്കുന്നതിനായി പരമാവധി ആളുകളെ സമ്മേളനസ്ഥലത്ത് എത്തിച്ചിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടെന്ന് പ്രചരിച്ചതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്.
ജോസ് കെ.മാണിയെ ചെയർമാനായി തിരഞ്ഞെടുത്ത ശേഷം സംസ്ഥാന കമ്മിറ്റി ഓഫീസിലേയ്‌ക്ക് പോകുന്നതിനായി പ്രവർത്തകരും നേതാക്കളും പുറത്തിറങ്ങിയപ്പോഴായിരുന്നു തിക്കും തിരക്കുമുണ്ടായത്. ജോസ് കെ.മാണിയെ അഭിനന്ദിക്കാനും ഷാളണിയിക്കാനും പ്രവർത്തകർ തിക്കിത്തിരക്കിയതോടെ റിട്രീറ്റ് സെന്റർ കവാടത്തിലെ ചില്ല് തകർന്നു. എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജോസഫ് എം.പുതുശേരിയുടെ ഷർട്ടു കീറി.
അധികാരം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പാർട്ടി ചെയർമാന്റെ കസേരയിൽ ഇരിക്കാനായി ജോസ് കെ.മാണി സംസ്ഥാന കമ്മിറ്റി ഓഫീസിൽ എത്തിയതും, പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം മുഴക്കി. ജോസ് കെ.മാണി ചെയർമാന്റെ കസേരയിലിരുന്ന ശേഷം കെ.എം മാണിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.
ഇതിനിടെയാണ് ഒരു വിഭാഗം പ്രവർത്തകർ ചെറിയൊരു സൈക്കിളുമായി എത്തിയത്. കേരള കോൺഗ്രസ് മാണി വിഭാഗവുമായി ലയിക്കുമ്പോൾ പി.ജെ ജോസഫിന്റെ ചിഹ്നമായിരുന്നു സൈക്കിൾ. പി.ജെ ജോസഫ് പാർട്ടിയിൽ നിന്നു പുറത്തു പോയെന്നു സൂചിപ്പിക്കും വിധം സൈക്കിളെടുത്ത് ഓഫീസിൽ നിന്ന് പുറത്തേയ്‌ക്ക് എറിഞ്ഞു. തുടർന്ന് അസഭ്യം കലർന്ന മുദ്രാവാക്യങ്ങൾ ജോസഫിനെതിരെ മുഴക്കി. വളരെ നേരത്തെ മുദ്രാവാക്യംവിളിക്കു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.