കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ പദവിയിലേക്ക് എത്തിയ ജോസ് കെ. മാണിക്ക് മുന്നിൽ വെല്ലുവിളികളേറെയാണ്. അരനൂറ്റാണ്ടായി കെ.എം. മാണി കാത്തു സൂക്ഷിക്കുന്ന പാലാ മണ്ഡലത്തിൽ നാലുമാസത്തിനുള്ളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജയിക്കുകയെന്നതാണ് ആദ്യത്തെ വെല്ലുവിളി. ജോസഫ് വിഭാഗം ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കാലു വാരൽ ഉറപ്പാണ്. തിരഞ്ഞെടുപ്പിൽ തോറ്റാൽ ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയെ തന്നെ ദോഷകരമായി ബാധിക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് ജോസഫിന് അനുകൂലമായാൽ പാർട്ടി സ്ഥാനാർത്ഥിക്ക് പാലായിൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കാനുമാകില്ല.
സംസ്ഥാന സമിതി വൻ ഭൂരിപക്ഷത്തോടെയാണ് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. എന്നാൽ പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷമില്ല. അഞ്ച് എം.എൽ.എമാരിൽ മൂന്ന് പേർ ഒപ്പമില്ല. ഇരു വിഭാഗത്തിലുമില്ലാതെ ന്യൂട്രലിൽ നിൽക്കുന്ന സി.എഫ്. തോമസിന്റെ നിലപാടും നിർണായകമാണ്. രണ്ട് എം.പിമാരുണ്ടെങ്കിലും ക്ഷണിതാക്കളായതിനാൽ അവർക്ക് വോട്ടവകാശമില്ല. ഉണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം. 28 അംഗ ഉന്നതാധികാരസമിതിയിൽ 15 പേരുടെ പിന്തുണ ജോസഫ് അവകാശപ്പെടുന്നുമുണ്ട്. സീനിയർ നേതാക്കളാകട്ടെ അപ്പുറത്താണ്.
പ്രധാന വെല്ലുവിളികൾ
ഭരണഘടന പ്രകാരം ഇന്നലത്തെ യോഗം അസാധുവാണെന്ന് ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. കൂറുമാറ്റ നിരോധന നിയമത്തിലൂടെ എം.എൽ.എമാരെയും എം.പിയെയും അയോഗ്യരാക്കാനുള്ള നടപടിയിലേക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ നീങ്ങിയാൽ ഓഫീസും പാർട്ടി ചിഹ്നവുമെല്ലാം കോടതി കയറും.
കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം മറ്റ് ഓഫീസുകൾ ജോസഫ് വിഭാഗം പിടിച്ചെടുക്കാതെ നോക്കണം. ഓഫീസുകളെല്ലാം പൊലീസ് കാവലിലാണ്. കോട്ടയത്ത് പാർട്ടി പ്രവർത്തകർ സംസ്ഥാന കമ്മിറ്റി ഓഫീസിന് കാവൽ കിടക്കുന്ന സ്ഥിതിയാണ്.