വെച്ചൂർ: അജ്ഞാത കീടങ്ങളുടെ ആക്രമണത്തിൽ നെൽച്ചെടികൾ നശിക്കുന്നത് വെച്ചൂർ പഞ്ചായത്തിലെ നെൽകർഷകരെ ആശങ്കയിലാഴ്ത്തുന്നു. വെച്ചൂർ മേഖലയിലെ 2500 ഹെക്ടർ വരുന്ന പാടശേഖരങ്ങളിൽ ഏതാണ്ടെല്ലായിടത്തും തന്നെ വർഷകൃഷി ഇറക്കിയിട്ടുണ്ട്. ഇതിൽ വലിയവെളിച്ചം പാടശേഖരത്തിലാണ് അജ്ഞാത കീടത്തിന്റെ ആക്രമണം ശ്രദ്ധയിൽ പെട്ടത്. മുളച്ച് ഏതാനും ദിവസങ്ങൾ മാത്രമായ നെൽച്ചെടികളാണ് പാടശേഖരത്തിലുള്ളത്. ഇന്നലെ കർഷകരിൽ ചിലർ പാടശേഖരത്തിലെത്തിയപ്പോഴാണ് നെൽച്ചെടികൾ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കീടത്തിന്റെ ആക്രമണമാണെന്ന് വ്യക്തമാണെങ്കിലും അത് ഏത് കീടമാണെന്ന് തിരിച്ചറിയാനായിട്ടില്ല. മറ്റ് പാടശേഖരങ്ങളിലേക്കും ഇത് വ്യാപിക്കുമോ എന്ന ആശങ്കയുമുണ്ട്.
നിരന്തരമായി പാടശേഖരങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങുന്നതിനാൽ മഴവെള്ളം യഥാസമയം വറ്റിച്ചു കളയുകയെന്നത് കർഷകർക്ക് വലിയ വെല്ലുവിളിയായിരുന്നു. വെള്ളം കെട്ടിനിന്ന് പുളിയായി വലിയവെളിച്ചം, ഇട്ട്യേക്കാടൻകരി, അരികുപുറം തുടങ്ങി പല പാടശേഖരങ്ങളിലും വിതച്ച വിത്ത് നശിച്ചിട്ടുണ്ട്.