വൈക്കം: മഴ കനത്തതിനെ തുടർന്ന് വൈക്കം തോട്ടുവക്കത്തെ ഓരുമുട്ട് പൊളിച്ചിട്ടും കെ.വി. കനാലിൽ നീരൊഴുക്ക് ശക്തമാകാത്തതിനാൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു. കരിയാറും വേമ്പനാട്ടു കായലും സംഗമിക്കുന്ന കെ.വി. കനാലിൽ തോട്ടുവക്കം, ചേരുംചുവട് പാലങ്ങൾക്ക് സമീപത്തായി രണ്ടു കൂറ്റൻ മരങ്ങൾ മാസങ്ങളായി കടപുഴകി തോടിനുകുറുകെ കിടക്കുന്നതാണ് നീരൊഴുക്കു തടസപ്പെടുത്തുന്നത്.
കരിയാറിലും വേമ്പനാട്ടു കായലിലും മത്സ്യബന്ധനം നടത്തുന്നവരും കക്കാവാരൽ തൊഴിലാളികളും പുല്ലു ചെത്തുന്നവരും മരങ്ങൾ വീണതോടെ ഇതു വഴി ചെറുവള്ളങ്ങൾ തുഴഞ്ഞു പോകാൻ കഴിയാതെ വന്നതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ചേരും ചുവട് പാലം മുതൽ തോട്ടുവക്കം പാലം വരെ കനത്ത തോതിൽ പോളയും പായലും പുല്ലും വളർന്ന് തിങ്ങിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ ചാക്കുകെട്ടുകളിലാക്കി മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നതും കെ വി കനാലിലാണ് .ഒഴുക്കു നിലച്ചതോടെ പുല്ലിനും പോളയ്ക്കുമിടയിൽ കിടന്ന് അഴുകിയ മാലിന്യം മൂലം ദുർഗന്ധം വമിക്കുകയാണ്. തോട്ടിലെ നീരൊഴുക്കു തടസപ്പെടുത്തുന്ന മരങ്ങൾ വെട്ടി നീക്കി കെ വി കനാലിലെ ഒഴുക്ക് സുഗമമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.