കോട്ടയം :450 അംഗങ്ങളുള്ള കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയിൽ 312 അംഗങ്ങളുടെ പിന്തുണ ലഭിച്ചതായി ജോസ് കെ. മാണി വിഭാഗം അവകാശപ്പെട്ടു.
പാർട്ടി ഭരണഘടന അനുശാസിക്കുന്നതനുസരിച്ച് സംസ്ഥാന സമിതിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് 127 അംഗങ്ങൾ ഒപ്പിട്ട് രേഖാമൂലമുള്ള കത്ത് ജൂൺ 3 ന് വർക്കിംഗ് ചെയർമാൻ,ഡെപ്യൂട്ടി ചെയർമാൻ,വൈസ് ചെയർമാൻ എന്നിവർക്ക് കൈമാറിയിരുന്നു. ആവർത്തിച്ചുള്ള ആവശ്യമുയർന്നിട്ടും അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് കത്തിൽ ഒപ്പിട്ട സംസ്ഥാന കമ്മിറ്റിയംഗങ്ങളിലെ മുതിർന്ന നേതാവായ പ്രൊഫ. കെ.എ ആന്റണിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തത്.
മാണിയുടെ വിയോഗത്തെ തുടർന്ന് കേരളാ കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ തിരുവനന്തപുരത്ത് പി.ജെ ജോസഫ് നേരിട്ട് പങ്കെടുത്ത് ഗ്രൂപ്പ് യോഗം വിളിച്ചുചേർത്ത് പാർട്ടിയെ രണ്ടായി പിളർത്താൻ ശ്രമിച്ചതോടെയാണ് സംസ്ഥാന കമ്മിറ്റി വിളിച്ചതെന്നും ജോസ് കെ. മാണി വിഭാഗം പറഞ്ഞു. സമവായം എന്നു പറഞ്ഞ് പ്രസ്താവന നടത്തുമ്പോൾതന്നെ പാർട്ടിയിൽ യാതൊരു കൂടിയാലോചനയുമില്ലാതെ പാർട്ടി ചെയർമാൻ , ടെമ്പററി ചെയർമാൻ , ചെയർമാൻ ഇൻ ചാർജ് പദവികളിൽ സ്വയം അവരോധിച്ചു പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്ത് സംഘടനാ ചുമതലകളുടെ കടുത്ത ലംഘനമായിരുന്നു.