തലയോലപ്പറമ്പ് : രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിനായി സ്ഥാപിച്ച സിഗ്‌നൽ ലൈറ്റ് മൂലം കുരുക്ക് രൂക്ഷമാക്കിയതോടെ ഒടുവിൽ ഓഫാക്കി. തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിൽ പുതിയതായി സ്ഥാപിച്ച് ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ച സിഗ്‌നൽ ലൈറ്റുകളാണ് കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിന് ഇടയാക്കിയത്. സി. കെ ആശ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 16 ലക്ഷം രൂപ വിനിയോഗിച്ചാണ് ആഴ്ചകൾക്കു മുൻപ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചത്. വൈക്കം കോട്ടയം, കോട്ടയം എറണാകുളം റോഡിൽ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉളവാക്കിയത്. അതേ സമയം പള്ളിക്കവലയിലുള്ള കോട്ടയം, എറണാകുളം ഭാഗത്തെ ബസ് സ്റ്റോപ്പ് പുന:ക്രമീകരിക്കാത്തതാണ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കോട്ടയം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കും പോകുന്ന ബസുകൾ ജംഗ്ഷനിൽ സ്ഥാപിച്ച സിഗ്‌നൽ ലൈറ്റിന് സമീപം തന്നെയുള്ള ബസ് സ്റ്റോപ്പിൽ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് മൂലം മറ്റ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സിഗ്‌നൽ ലഭിച്ചിട്ടും കടന്ന് പോകാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. എന്നാൽ ബന്ധപ്പെട്ട അധികൃതർ ഇത് പരിഹരിക്കാതെ സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിച്ചതാണ് നിലവിലെ കുരുക്കിന് കാരണം. പള്ളിക്കവല ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും ഇത് ഗതാഗതകുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നുവെന്നും ചൂണ്ടിക്കാട്ടി മുൻപ് നിരവധി തവണ കേരള കൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അദ്ധ്യായന വർഷം ആരംഭിച്ചതോടെ പള്ളി കവലയ്ക്ക് സമീപമുള്ള വിവിധ സ്‌കൂളുകളിലെ നൂറ് കണക്കിന് വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസമാണ്. റോഡ് ക്രോസ് ചെയ്യുന്നതിനായി 8 സെക്കൻഡ് സമയമാണ് സിഗ്‌നൽ ടൈമർ വച്ചിരിക്കുന്നത് എന്നാൽ രാവിലെയും വൈകിട്ടും സ്‌കൂൾ കുട്ടികൾ കടന്നു പോകുന്നതിന് അനുവദിച്ച സമയം വളരെ കുറവാണെന്നും ഒരു മിനിറ്റെങ്കിലും ആക്കണമെന്നും ആക്ഷേപമുണ്ട്. അതേസമയം ബസ്റ്റോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഉടൻ നടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച് ഇന്ന് ആർ.ടി.ഒ, പൊലീസ് അധികൃതർക്ക് കത്ത് നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനൻ പറഞ്ഞു.