ചിങ്ങവനം: പരസ്യമായി മദ്യപിക്കുകയായിരുന്ന സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ച മൂന്നു യുവാക്കൾ പിടിയിലായി. പൂവൻതുരുത്തിൽ വാടകയ്‌ക്ക് താമസിക്കുന്ന കോടിമത വേമ്പുഞ്ചേരിൽ വീട്ടിൽ ബോബിൻ (26), പൂവൻതുരുത്ത് പാലത്തിങ്കൽ തോപ്പിൽ അഭിലാഷ് (31), പൂവൻതുരുത്ത് എട്ടേക്കർ വീട്ടിൽ മനോ മോഹൻ (44) എന്നിവരെയാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെ പൂവൻതുരുത്തിലായിരുന്നു സംഭവം. പൂവൻതുരുത്തിന് സമീപം യുവാക്കൾ സ്ഥിരമായി പരസ്യമായി മദ്യപിക്കുന്നതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. തുടർന്നാണ് പൊലീസ് സംഘം പരിശോധനയ്‌ക്കായി എത്തിയത്. എസ്.ഐ സുബൈർ, എ.എസ്.ഐ ഷിബി, സിവിൽ പൊലീസ് ഓഫിസർമാരാ സജേഷ്, സുമേഷ്,
എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മദ്യപിക്കുകയായിരുന്ന യുവാക്കളെ പൊലീസ് പിടികൂടി ജീപ്പിൽ കയറ്റി. ഇതിനിടെ പ്രതികൾ പൊലീസുകാർക്കു നേരെ തിരിയുകയായിരുന്നു. ബലം പ്രയോഗിച്ച ജീപ്പിൽ കയറ്റിയെങ്കിലും ബുക്കാന ജംഗ്ഷനിൽ എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന സംഘം പൊലീസുകാരെ ആക്രമിച്ചു. ഇവരെ മർദിക്കുകയും, യൂണിഫോം വലിച്ച് കീറുകയും ചെയ്‌തു. ഒടുവിൽ സ്റ്റേഷനിലെത്തിച്ച് കൂടുതൽ പൊലീസുകാരുടെ സഹായത്തോടെയാണ് പ്രതികളെ ശാന്തരാക്കിയത്. ഇവരെ പിന്നീട് ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.