പത്തനംതിട്ട : മഴക്കാലമായതോടെ ജില്ലയിലെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതിലേക്ക് മാലിന്യം വലിച്ചെറിയുന്നവരുമുണ്ട്. മലിനജലം നിറയുമ്പോൾ പകർച്ചവ്യാധികൾക്കുള്ള സാദ്ധ്യതയേറുകയാണ്.
പത്തനംതിട്ടയിൽ നഗരം കുളമാകുകയാണ്. വെള്ളക്കെട്ടുകളിൽ മാലിന്യം അഴുകുന്നു. കെ.എസ്.ആർ.ടിസിയുടെ താത്കാലിക ബസ് സ്റ്റാൻഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. നിറയെ ചെളിവെള്ളവും. ചെളിവെള്ളത്തിൽ ഇറങ്ങാതെ ബസിൽ കയറാനാകില്ല. പണി നടക്കുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ എതിർവശത്തുള്ള ഇടവഴികളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന് സമീപമുള്ള ഓടയിൽ നിന്ന് ദുർഗന്ധവും വമിക്കുന്നുണ്ട്. ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള തോട്ടിൽ മാലിന്യക്കൂമ്പാരമാണ്. ഇവിടം കൊതുകുകളുടെ താവളമായിരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് അധികൃതർ അവകാശവാദം ഉന്നയിക്കുമ്പോഴും രോഗഭീതിയിലാണ് ജനം.
പകർച്ചവ്യാധികൾ
ജില്ല മലിനമാകും തോറും രോഗങ്ങളും വർദ്ധിക്കുകയാണ്. മഴ പെയ്ത് തുടങ്ങിയതോടെ കൊതുകുകളും പെരുകി. ഡെങ്കിയും എലിപ്പനിയുമാണ് ഇപ്പോഴത്തെ വില്ലൻമാർ. 22 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 27 പേർക്ക് എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പനി ബാധിച്ച് ഈ മാസം പത്ത് വരെ 28978 പേർ ചികിത്സ തേടി. ജില്ലയിൽ ഹെപ്പറ്റൈറ്റസ് എയും ബിയും ഉണ്ടെങ്കിലും സി ഇതുവരെ കണ്ടെത്തിയിരുന്നില്ല. എന്നാൽ കോയിപ്രം ഭാഗങ്ങളിൽ നിന്ന് രണ്ട് പേർക്ക് ഹെപ്പറ്റൈറ്റസ് സിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇതുവരെ 18 പേർക്ക് ഹെപ്പറ്റൈറ്റസ് എയും 78 പേർക്ക് ബിയും കണ്ടെത്തി. ഒരു മരണവും ഉണ്ടായി.
" സ്വയം ചികിത്സിക്കാതെ ഏത് രോഗമായാലും ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സ ഉറപ്പു വരുത്തണം. മലിനമായ സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകണം. രോഗം വരാൻ ഇടയുള്ള അവസരങ്ങളിൽ നിന്ന് മാറി നിൽക്കണം"
ആരോഗ്യ വകുപ്പ് അധികൃതർ
-ഡെങ്കിപ്പനി 22 പേർക്ക്
-എലിപ്പനി 27
-പനിബാധിതർ(ഈ മാസം 10 വരെ) 28978 പേർ
-18 പേർക്ക് ഹെപ്പറ്റൈറ്റസ് എയും, 78 പേർക്ക് ബിയും