പത്തനംതിട്ട: മഴക്കാലമായതോടെ ജില്ലാ സ്റ്റേഡിയം ചെളിക്കുഴിയായി. കാല് കുത്തിയാൽ പുതയുന്ന അവസ്ഥയാണിപ്പോൾ. ട്രാക്കിനുള്ളിൽ വെള്ളം നിറഞ്ഞ് ചതുപ്പായിമാറി. പ്രവേശന കവാടത്തിലും മഴവെള്ളം കെട്ടികിടക്കുകയാണ്. പരിശീലനങ്ങൾ പോലും നടത്താനാകാത്ത അവസ്ഥ. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് മൂലം സെപ്തംബറിൽ നടക്കുന്ന സംസ്ഥാന ഹോക്കി മത്സരവും പത്തനംതിട്ടയ്ക്ക് നഷ്ടമായേക്കാം. പ്രഭാത സവാരിക്കാരും സ്റ്റേഡിയത്തിൽ എത്താതെ വഴിമാറി നടക്കുകയാണ്. ഇവിടുത്ത കംഫർട്ട് സ്റ്റേഷൻ തകർന്നിട്ട് ഏറെക്കാലമായി. പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. കുടിവെള്ളവും ലഭ്യമല്ല. സ്റ്റേഡിയം വികസനത്തിനായി പല പദ്ധതികൾ വന്നെങ്കിലും ഒന്നും നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇൻഡോർ സ്റ്റേഡിയം പദ്ധതിയും പാതിവഴിയിലാണ്. നഗരസഭയും സ്പോർട്സ് കൗൺസിലും തമ്മിലുള്ള തർക്കങ്ങൾ സ്റ്റേഡിയം വികസനത്തിന് തടസമാകുന്നു.

" നഗരസഭയുമായുള്ള തർക്കങ്ങൾ പറഞ്ഞ് തീർത്ത് സ്റ്റേഡിയം നവീകരിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനാവില്ല. "

ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ