fish

കോട്ടയം : മീനിന് പൊള്ളുന്ന വില. ചോറിന് മീൻകറി നിർബന്ധമുള്ളവരുടെ പോക്കറ്റ് കീറുമെന്ന് സാരം. ട്രോളിംഗ് നിരോധനത്തെ തുടർന്ന് കടൽ മത്സ്യങ്ങളുടെ വില കുതിച്ചുകയറുകയാണ്. സാധാരണക്കാരന്റെ ഇഷ്ട മത്സ്യമായ മത്തിയുടെ വിലയാകട്ടെ കിലോയ്ക്ക് 350 രൂപയിലെത്തി.

ട്രോളിംഗ് തുടർന്ന് മീനിന്റെ വരവ് കുറഞ്ഞതാണ് വില കുതിച്ചുകയറാൻ കാരണം. കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി എന്നിവടങ്ങളിലെ മത്സ്യ മാർക്കറ്റുകളിലേക്ക് മത്സ്യം എത്തിക്കുന്നതും കുത്തനെ കുറഞ്ഞിട്ടുണ്ട്. അതേസമയം കടൽ മത്സ്യങ്ങളുടെ ദൗർലഭ്യം ഹോട്ടലുകളിൽ മീൻ വിഭവങ്ങളുടെ വില ഉയരാൻ കാരണമായിട്ടുണ്ട്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിൽ പോയി പിടിക്കുന്ന മീനാണ് ഇപ്പോൾ പ്രധാനമായും വിപണിയിലെത്തുന്നത്. മുൻകാലങ്ങളിൽ ട്രോളിംഗ് നിരോധന സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് രാസവസ്തുക്കൾ കലർത്തിയ മത്സ്യം ധാരാളമായി എത്തിയിരുന്നെങ്കിലും നിരീക്ഷണം ശക്തമാക്കിയതോടെ ഇപ്പോൾ ഇവയുടെ വരവ് കുറഞ്ഞിരിക്കുകയാണ്.
ട്രോളിംഗ് നിരോധനം ഒരാഴ്ച പിന്നിട്ടതോടെ പച്ചക്കറി വിലയും വർദ്ധിച്ചു. കിലോയ്ക്ക് രണ്ട് മുതൽ 30 രൂപ വരെയാണ് വിവിധ പച്ചക്കറികൾക്ക് വില വർദ്ധിച്ചത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞിട്ടുണ്ട്. സവാള, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീൻസ്, വള്ളിപ്പയർ, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക്, എന്നിവയ്ക്കാണ് വില കൂടിയത്. സർക്കാർ സംരംഭമായ ഹോർട്ടികോർപിൽ കഴിഞ്ഞമാസത്തെ വിലയെ അപേക്ഷിച്ച് വലിയ വർദ്ധന ഇല്ലെന്നത് ഉപഭോക്താക്കൾക്ക് ചെറിയൊരാശ്വാസമാണ്. അതേസമയം ചുവന്നുള്ളിക്ക് വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 50 രൂപയാണ് ചുവന്നുള്ളിയുടെ ഇപ്പോഴത്തെ വില.

# പച്ചക്കറി വില കിലോയ്ക്ക്

(കഴിഞ്ഞ ആഴ്ച, ഇന്നലെ )

ചുവന്നുളളി: 30-50
സവാള: 20 - 25
കിഴങ്ങ്: 25 - 30
ഇഞ്ചി: 80- 100
കോവയ്ക്ക: 30- 40
തക്കാളി: 40 - 60
പച്ചക്കായ: 50 - 60
കാബേജ്: 35- 40
വെളുത്തുളളി: 100 - 140
ബീൻസ്: 140-160
വള്ളിപ്പയർ: 40 -65
കാരറ്റ്: 50 - 80
വഴുതന: 50- 40
വെണ്ടയ്ക്ക: 30 - 36
പാവയ്ക്ക: 50 -80
പടവലം: 40 - 60
വെള്ളരി: 30 - 24
മത്തങ്ങ:30 - 28
പച്ചമുളക്: 40 - 38
ഏത്തപ്പഴം: 45 - 65

മത്സ്യത്തിന്റെ വില കിലോയ്ക്ക്

(നിരോധനത്തിന് മുന്പ്, ശേഷം)

മത്തി: 100-350

അയില: 150-380

ചൂര: 180-280

വങ്കട: 100-220

വറ്റൽപാര: 130-320

ചെമ്മീൻ: 200-400

നങ്ക്: 100-180

ചെങ്കലവ: 130-240