കോട്ടയം: മാരക പകർ‌ച്ച വ്യാധികൾക്ക് കാരണമാകുന്ന കൊതുകകളുടെ സാന്ദ്രത ജില്ലയിൽ അപകടകരമാംവിധം കൂടിയതായി ആരോഗ്യവകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ്,​ മലേറിയ പരത്തുന്ന അനോഫിലസ്, ജപ്പാൻ ജ്വരം പരത്തുന്ന ക്യുലക്സ് എന്നിവ മലയോര മേഖലയിലും നഗരത്തിലും കൂടി.

തോട്ടം മേഖലകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് ഏറിയ സാന്നിദ്ധ്യവും. കാഞ്ഞിരപ്പള്ളി,​ ഈരാറ്റുപേട്ട,​ മുണ്ടക്കയം,​ എരുമേലി,​ കറുകച്ചാൽ,​ കോട്ടയം നഗരസഭ,​ പ്രദേശങ്ങളിലാണ് കൂടുതൽ. ജില്ലാ വെറ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫീൽഡ് സ്റ്റാഫുകളാണ് പരിശോധന നടത്തിയത്. ഈരാറ്റുപേട്ട നഗരസഭയുടെ പത്താം വാർഡ്,​ കറുകച്ചാൽ മേഖലയിൽ കുറിച്ചി,​ പായിപ്പാട്,​ എരുമേലിയിൽ കാളകെട്ടി,​ നഗരസഭയിൽ മുട്ടമ്പലം,​ പുല്ലരിക്കുന്ന്,​ അയ്മനം, വേളൂർ,​ അതിരമ്പുഴ എന്നിവിടങ്ങളിലാണ് കൊതുകകൾ കൂടുതൽ.

 ഡ്രൈ ഡേ നിർബന്ധം

പകർച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരണം നിർബന്ധമാക്കി. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സ്‌കൂൾ പരിസരങ്ങളിൽ വെള്ളവും മാലിന്യവും കെട്ടിക്കിടക്കുന്നില്ലെന്ന് പി.ടി.എയും അധികൃതരും ഉറപ്പാക്കണം. വീട്ടിലും പരിസരങ്ങളിലും ഉള്ള വെള്ളക്കെട്ട് ഒഴിവാക്കേണ്ടത് അവരവരുടെ ഉത്തരവാദിത്തമാണ്. സ്ഥാപനങ്ങളിലെ ശുചീകരണത്തിന്റെ ചുമതല വകുപ്പ് മേധാവികൾക്കാണ്.

 വേണ്ടത് 7 ദിവസം

വെള്ളത്തിൽ ലാർവ വിരിയാൻ 7 ദിവസം വേണം. ഈ ദിവസത്തിനുള്ളിൽ വെള്ളം ഒഴുക്കിക്കളഞ്ഞാൽ ലാർവകൾ നശിക്കും. കെട്ടിക്കിടക്കുന്ന ഒരു സ്പൂൺ വെള്ളത്തിൽ വരെ കൊതുകുകൾ മുട്ടയിട്ട് പെരുകും. തോട്ടം മേഖലകളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവർ ഭീകരർ

 ക്യുലക്സ്

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടിയിടും. വേനലിൽ കൂടുതലായി കാണപ്പെടുന്ന ഇവയ്ക്ക് ദീർഘദൂരം പറക്കാനാവില്ല. ചിറകുകൾക്ക് പുള്ളിക്കുത്തുകൾ ഇല്ല. ഇരിക്കുമ്പോൾ മുതുക് മുകളിലേക്ക് തള്ളിനിൽക്കും. സന്ധ്യയ്ക്ക് മുറിക്കകത്ത് പ്രവേശിച്ച് അർദ്ധരാത്രിയിൽ കാൽമുട്ടിന് താഴെ കൂടുതൽ കടിക്കും. വേദനാജനകം.

മന്ത്, ജപ്പാൻജ്വരം, വെസ്റ്റ് നൈൽഫീവർ, വൈറൽ ആർത്രൈറ്റിസ് എന്നിവ പരത്തും.

 അനോഫിലസ്

ശുദ്ധജലത്തിൽ മുട്ടയിടും. മലമ്പനി പരത്തുന്നത് അനോഫിലസ് കൊതുകുകളാണ്. പൂർണ വളർച്ചയെത്തിയ കൊതുകിന്റെ ചിറകിൽ പുള്ളിക്കുത്തുകൾ. വളർച്ചയെത്തിയ കൊതുകുകൾ ഇരിക്കുമ്പോൾ പ്രതലവുമായി ചരിവുണ്ടാകും. സൂര്യാസ്തമയംമുതൽ ഉദയംവരെ ഇവയുടെ ശല്യമുണ്ടാകും. പകൽ കുറ്റിക്കാടുകൾ, തൊഴുത്തുകൾ, ഇരുട്ടുനിറഞ്ഞ മൂലകൾ തുടങ്ങിയ ഇടങ്ങളിൽ പതുങ്ങിയിരിക്കും. കിണർ, പതുക്കെ ഒഴുകുന്ന അരുവികൾ തുടങ്ങിയവ മുട്ടയിടുന്ന സ്ഥലം.

 ഈഡിസ്
മഴക്കാലത്ത് കൂടുതൽ. കാലുകളിൽ വെളുത്ത വരകളും തലയിലും ശരീരത്തിലും വെളുത്ത കുത്തുകളും. പ്രഭാതങ്ങളിലും പകലും കടിക്കും. കുറ്റിച്ചെടികൾക്കിടയിൽ വിശ്രമം. ഡെങ്കിപ്പനി, രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയവ പരത്തും. വാഴ, കൈത ഇവയുടെ ഇലയുടെ തണ്ട്, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, കരിക്കിൻതൊണ്ട്, പ്ലാസ്റ്റിക് കപ്പുകൾ, ചെടിച്ചട്ടികൾ, പൊട്ടിയ കുപ്പികൾ തുടങ്ങിയിടങ്ങളിൽ മുട്ടിയിട്ട് പെരുകും.

'' ആരോഗ്യവകുപ്പ് ടീമായുള്ള പരിശോധനയും കൊതുക് നശീകരണവും തുടരുകയാണ്. തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ''

- ഡോ. കെ. രാജൻ, ജില്ലാ വെറ്റർ കൺട്രോൾ വിഭാഗം