കോട്ടയം: പ്രളയം സമ്മാനിച്ച ഏക്കൽ കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേയും നെൽകർഷകരെ മാത്രമല്ല കനിഞ്ഞ് അനുഗ്രഹിച്ചത്. ഒറ്റപ്പെട്ട് കൃഷിയിറക്കിയ പാടശേഖരങ്ങളിൽ പോലും നൂറുമേനി വിളവാണ് ലഭിച്ചത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാടശേഖരങ്ങളിൽ മികച്ച വിളവ് സാധാരണമെങ്കിലും പത്തനംതിട്ട ജില്ലയിലെ പാടശേഖരങ്ങളിൽ നിന്ന് കൊയ്തെടുത്ത നെല്ലിന്റെ കണക്ക് ഏവരേയും അദ്ഭുതപ്പെടുത്തുന്നതാണ്. 18 മുതൽ 25 ക്വിന്റൽ നെല്ലാണ് ശരാശരി ലഭിച്ചിരുന്നതെങ്കിൽ ഇത്തവണ 40 ക്വിന്റൽ വരെയെത്തി ശരാശരി ഒരു ഏക്കറിൽ നിന്നുള്ള ഉദ്പാദനം.ഇത് കുട്ടനാടൻ അപ്പർകുട്ടനാടൻ പാടശേഖരങ്ങളെ പോലും വെല്ലുന്ന വിളവാണ്. പ്രളയത്തെതുടർന്ന് ഒരുമാസക്കാലം വെള്ളം കെട്ടിക്കിടന്ന് വളക്കൂറുള്ള എക്കൽ അടിഞ്ഞതാണ് ഇത്തവണ നെല്ലിന്റെ ഉൽപാദനം കൂടാൻ കാരണമെന്ന് കർഷകർ ഒന്നടങ്കം പറയുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് 52 ശതമാനം നെല്ല് ഇത്തവണ പത്തനംതിട്ടയിലെ പാടശേഖരങ്ങളിൽ നിന്ന് സപ്ലൈകോ അധികമായി കർഷകരിൽ നിന്ന് സംഭരിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.33.23 കോടി രൂപയുടെ നെല്ല് ജില്ലയിലെ 2233 കർഷകരിൽ നിന്ന് സംഭരിക്കായി. കഴിഞ്ഞവർഷം 8626 ടണ്ണും 2017ൽ 8841ടണ്ണും ആയിരുന്നു സംഭരണം.
എറണാകുളം, പാലക്കാട്, കോട്ടയം, ആലപ്പുഴ മേഖലകളിലെ സ്വകാര്യമില്ലുകളാണ് കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്. ഇത്തവണ വലിയ പരാതികൾ ഇല്ലാതെ സംഭരണം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. അതേസമയം ആറന്മുള, ഇരവിപേരൂർ,കൊടുമൺ എന്നിവിടങ്ങളിൽ പാടശേഖരങ്ങളിലെ നെല്ല് സ്വന്തമായി അരി ഉൽപാദിപ്പിക്കാൻ പാടശേഖരസമിതികൾ തന്നെ ഏറ്റെടുക്കുകയായിരുന്നു. വിവിധ ബ്രാൻഡുകളിൽ അരി സഹകരണസംഘങ്ങൾ ഉടൻ വിപണിയിൽ എത്തിക്കും.