കോട്ടയം: കേരള കോൺഗ്രസ് - എമ്മിലെ തമ്മിലടി ഇന്നലെ കോടതി കയറി. പാർട്ടി ചെയർമാനായി
ജോസ് കെ. മാണിയെ തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. എന്നാൽ കോടതി ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ച ജോസ് കെ. മാണി, കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ചെയർമാൻ കെ.എം. മാണി എന്ന ബോർഡ് മാറ്റി ജോസ് കെ. മാണി ചെയർമാൻ എന്ന ബോർഡ് സ്ഥാപിച്ച ശേഷം മുറിയിൽ കയറി അര മണിക്കൂറോളം ഇരുന്ന ശേഷം മടങ്ങി. അതേസമയം കേരള കോൺഗ്രസ് മുൻ ചെയർമാനും എം.എൽ.എയുമായ സി.എഫ്. തോമസും മുൻ എം.എൽ.എ തോമസ് ഉണ്ണിയാടനും ജോസഫ് പക്ഷത്തിനൊപ്പം ചേർന്നത് ജോസ് വിഭാഗത്തിന് മറ്റൊരു തിരിച്ചടിയായി.
ചെയർമാനെന്ന ഔദ്യോഗിക നാമം ഉപയോഗിക്കുന്നതും ഓഫീസ് കൈകാര്യം ചെയ്യുന്നതും കോടതി ഉത്തരവിൽ വിലക്കിയിരിക്കുകയാണ്. ചെയർമാനെന്ന നിലയിൽ തിരഞ്ഞെടുപ്പു കമ്മിഷനു കത്തയയ്ക്കാനോ പാർട്ടി മീറ്റിംഗ് വിളിക്കുന്നതിനോ ഭാരവാഹികൾക്കെതിരെയോ പ്രവർത്തകർക്കെതിരെയോ അച്ചടക്ക നടപടിയെടുക്കുന്നതിനോ അധികാരമുണ്ടായിരിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ ചേരിയിലും മനോഹർ നടുവിലേടത്തും അഭിഭാഷകനായ അഡ്വ. പീറ്റർ വി. ജോസഫ് മുഖാന്തരം നൽകിയ ഹർജിയിലാണ് കോടതിയുടെ സ്റ്റേ.
സ്റ്റേ വരും മുമ്പ് കത്ത്
തൊടുപുഴ മുൻസിഫ് കോടതിയുടെ സ്റ്റേ ഉത്തരവ് ഇന്നലെ വരും മുമ്പേ ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തെന്നു കാണിച്ച് സംസ്ഥാന സെക്രട്ടറി കെ.എ. ആന്റണിയെ കൊണ്ട് ജോസ് വിഭാഗം ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. 437 അംഗ സംസ്ഥാന കമ്മിറ്റിയിൽ 325 പേരുടെ പിന്തുണയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
.കൗൺസിലർക്ക് വധഭീഷണി
ജോസ് വിഭാഗം വിളിച്ച സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്ന പാലാ നഗരസഭാം എട്ടാം വാർഡംഗം ടോണി തോട്ടത്തിലിന് ഫോണിലൂടെ വധഭീഷണി ഉണ്ടായതോടെ പിളർപ്പ് കോടതി കയറുക മാത്രമല്ല കൈയാങ്കളിയിലുമെത്തുമെന്ന സൂചനയായി. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയായിരുന്നു യു.കെയിൽ നിന്ന് അജ്ഞാത ഫോൺ സന്ദേശം ടോണിക്ക് ലഭിച്ചത്. ഭീഷണി വന്നതായി ടോണി പാലാ ഡിവൈ.എസ്.പിക്ക് പരാതി നൽകി.
കൂറുമാറ്റ നിയമം ബാധകമാക്കാനാവില്ല
സമാന്തര സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുത്ത എം.എൽ.എമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമം ബാധകമാക്കാനാവില്ലെന്ന് നിയമ വിദഗ്ദ്ധർ. പാർട്ടി നിലപാടിന് വിരുദ്ധമായി എം.എൽ.എമാർ സഭയ്ക്കുള്ളിലോ പുറത്തോ പ്രവർത്തിക്കുക, വിപ്പ് ലംഘിക്കുക എന്നിവ ഉണ്ടാകുമ്പോഴാണ് കൂറുമാറ്റ നടപടി.
പാർട്ടിയുടെ പേര്, ചിഹ്നം തുടങ്ങിയവയിലുള്ള തർക്കത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണ് തീർപ്പ് കല്പിക്കുക.
.