വൈക്കം: മഴയിൽ പുളിയിളകി. കരിയാറ്റിലും കൈവഴികളിലും കരിമീൻ ചാകര.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.വി കനാൽ, മുട്ടുങ്കൽ, കൂവം, ചേന്തുരുത്ത് തുടങ്ങി കരിയാറിന്റെ കൈവഴികളിൽ വൻതോതിലാണ് കരിമീൻ പിടിക്കുന്നത്. നിരവധി പേർ വീശുവലകളുമായി രാവിലെ മുതൽ ആറ്റുതീരങ്ങളിലുണ്ട്. മീൻ പിടിക്കുന്നത് കാണാനും ആളുകൾ കൂടുന്നുണ്ട്. മഴപെയ്തപ്പോൾ പാടശേഖരങ്ങളിലെ പുളിയിളകി ആറ്റിലേയ്ക്കിറങ്ങിയതാണ് കരിമീനുകൾ കൂട്ടത്തോടെ എത്താൻ കാരണം. പുളി കലരുമ്പോൾ ശുദ്ധജല മത്സ്യമായ കരിമീൻ മറ്റിടങ്ങൾ തേടി പോകും. അതിനിടയിലാണ് വലയിൽപെടുന്നത്. വലിയ കരിമീന് കിലോയ്ക്ക് 500ഉം ഇടത്തരം കരിമീന് 400 ഉം ചെറുതിന് 300 രൂപയുമാണ് വില.