കോട്ടയം: പ്രവർത്തിക്കാൻ പോലും സമ്മതിക്കാതെ കോട്ടയം സി.എം.എസ് കോളേജിൽ എസ്.എഫ്.ഐയുടെ ഫാസിസമാണ് നടത്തുന്നതെന്ന് എ.ഐ.എസ്.എഫ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ നിരന്തരമായി ആക്രമിക്കുകയാണ്. കഴിഞ്ഞ 15ന് നഗരത്തിൽ പോസ്റ്റർ ഒട്ടിച്ച പ്രവർത്തകനെ എസ്.എഫ്.ഐക്കാർ മർദ്ദിക്കാൻ ശ്രമിച്ചു. ഇതറിഞ്ഞ സംസ്ഥാന, ജില്ലാ നേതാക്കളെ മർദ്ദിച്ചു. സി.എം.എസ് കോളേജിൽ എസ്.എഫ്.ഐ മാത്രം മതിയെന്ന നിലപാടാണ്. ക്യാമ്പസിന് പുറത്ത് കൊടികെട്ടണമെങ്കിൽ പോലും എസ്.എഫ്.ഐയോട് അനുവാദം ചോദിക്കണം. എസ്.എഫ്.ഐയുടെ ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദമാണ് ഇതിന് പിന്നിൽ. ഉത്തരേന്ത്യയിൽ സംഘപരിവാറിന്റെ ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന എസ്.എഫ്.ഐ ഇവിടെ അത് തന്നെയാണ് നടപ്പാക്കുന്നതെന്നും ഭാരവാഹികൾ ആരോപിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ,ഋഷിരാജ്, കമ്മിറ്റിയംഗം എസ്.ഷാജോ, ജില്ലാ സെക്രട്ടറി നന്ദു ജോസഫ്, സി.എം.എസ് കോളേജ് യൂണിറ്റ് സെക്രട്ടറി ശരത് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.