kv-canal
കെ.വി.കനാലിലേക്ക് വർഷങ്ങളായി വീണു കിടക്കുന്ന വൃക്ഷം

വൈക്കം : അവസാനം അതിന് തീരുമാനമായി. കെ.വി കനാൽ ശുചീകരണം നഗരസഭ ഏറ്റെടുക്കും. ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കും. കെ.വി. കനാലിന്റെ മനുഷ്യനിർമ്മിതമായ വലിയാനപ്പുഴ മുതൽ വേമ്പനാട്ടുകായൽ വരെയുള്ള ഭാഗം മരങ്ങൾ മറിഞ്ഞുവീണും പായലും മാലിന്യങ്ങളും അടിഞ്ഞുകൂടിയും നീരൊഴുക്കില്ലാതായിട്ട് കാലങ്ങളായി. തോട്ടുവക്കം നടുവിലെ പാലത്തിന് സമീപം ഒരു വൻ മരം കടപുഴകി കനാലിന് കുറുകേ വെള്ളത്തിൽ വീണു കിടക്കാൻ തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി. കനാൽ ശുചീകരിക്കേണ്ടത് ആരെന്ന തർക്കവും നിലനിൽക്കുന്നു. ഈ സാഹചര്യത്തിലാണ് കെ.വി കനാലിന്റെ പുനരുജ്ജീവനം ഏറ്റെടുക്കാൻ നഗരസഭ തയ്യാറാകുന്നത്.

നഗരത്തിന്റെ

സുന്ദരമുഖം

നഗരത്തിന്റെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് കെ.വി കനാലിന്റെ ഈ ഭാഗം. കരിയാറിനെയും വേമ്പനാട്ടുകായലിനെയും ബന്ധിപ്പിച്ച് നേർരേഖ പോലെ കനാൽ. ഇരുവശത്തും റോഡ്. തണൽ മരങ്ങൾ. ഒന്നു മിനുക്കിയെടുത്താൽ കെ.വി കനാൽ വെട്ടിത്തിളങ്ങും. കനാലിന് ഇരുവശങ്ങളിലായി പുൽത്തകിടിയും ഇരിപ്പിടങ്ങളും ലഘുഭക്ഷണ ശാലയും കനാലിൽ പെഡൽ ബോട്ടുമെല്ലാം ഈ നഗരസഭാ കൗൺസിലിന്റെ തുടക്കം മുതൽ പരിഗണനയിലുള്ളതാണ്.

കൂടിയാലോചന

ഇന്ന് 12ന്

കെ.വി കനാൽ ശുചീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ നഗരസഭ ഇന്ന് ആലോചനാ യോഗം ചേരുമെന്ന് ചെയർമാൻ പി.ശശിധരൻ അറിയിച്ചു. ഉച്ചക്ക് 12ന് സത്യാഗ്രഹസ്മാരക ഹാളിലാണ് യോഗം. നഗരസഭ കൗൺസിലർമാരും ഇറിഗേഷൻ, റവന്യൂ ഫയർ ആന്റ് റെസ്ക്യൂ തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി, സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുക്കും.