palam

ഏറ്റുമാനൂർ: കാലപ്പഴക്കം, ബലക്ഷയം, കൈവരികൾ തകർ‌ന്നു...നൂറുകണക്കിനാളുകളുടെ ആശ്രയമായ പുന്നത്തുറ കമ്പനിക്കടവ് പാലത്തിന്റെ ചുരുക്കച്ചിത്രം ഇതാണ്. അതീവ അപകടാവസ്ഥയിലായി പാലം പുനർനിർമ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും പുനർനിർമ്മാണത്തിനായി അധികൃതർ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പാലത്തിന്റെ പുനർനിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടും നിർമ്മാണം മാത്രം നടക്കുന്നില്ലെന്നതാണ് ഇതിലെ വൈരുദ്ധ്യമെന്നും നാട്ടുകാർ പറയുന്നു. ഏറ്റുമാനൂർ-അയർക്കുന്നം പ്രദേശങ്ങളെ ബന്ധിപ്പിച്ച് സ്ഥിതി ചെയ്യുന്ന ഈ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. മൂന്നു പതിറ്റാണ്ട് മുമ്പ് നി‌ർമ്മിച്ച ഈ പാലത്തിന് മൂന്നു മീറ്റർ വീതിയാണുള്ളത്. നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന ഈ പാലത്തിൽ കാൽനടയാത്രികർ ഏറെ ദുരിതമനുഭവിച്ചാണ് കടന്നുപോകുന്നത്. മണലൂറ്റ് ഇവിടെ വ്യാപകമായിരുന്നതിനാൽ പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിരുന്നു. തുടർന്ന് ഭാരവണ്ടികളുടെ ഇതുവഴിയുള്ള യാത്രകൾ നിരോധിച്ചിരുന്നെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. സ്കൂൾ ബസുകളടക്കം അപകടാവസ്ഥയിലായി ഈ പാലത്തിലൂടെയാണ് പോകുന്നത്. പാലത്തിന്റെ ഒരു ഭാഗം ഏറ്റുമാനൂർ നഗരസഭയിലും മറുഭാഗം അയർക്കുന്നം പഞ്ചായത്തിലുമാണ്. ജനകീയ പ്രക്ഷോഭത്തെ തുടർന്ന് സുരേഷ് കുറുപ്പ് എം.എൽ.എ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർ ഇടപെട്ട് പാലത്തിന്റെ പുനർനി‌ർമ്മാണത്തിനായി നടപടി സ്വീകരിച്ചെങ്കിലും നടപ്പായില്ല. പുതിയ പാലത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി,അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പിനുള്ള നടപടികളും തുടങ്ങിയിരുന്നെങ്കിലും പിന്നീട് വന്ന പ്രളയം നിർമ്മാണത്തെ തടസപ്പെടുത്തിയിരുന്നു. നവകേരള നിർമ്മാണത്തിനായി പല പദ്ധതികളും ആവിഷ്കരിക്കേണ്ടി വന്നതിനാലാണ് പാലം പുനർനിർമ്മാണം മാറ്റിവച്ചതെന്നായിരുന്നു അന്ന് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ അത്തരം സാഹചര്യങ്ങൾ മാറിയെന്നും ഇനിയും പുനർനിർമ്മാണം വൈകിപ്പിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്നും നാട്ടുകാർ പറയുന്നു.