കോട്ടയം: നഗരസഭ പരിധിയിലെ മുള്ളൻകുഴിയിൽ അതിജീവനപോരാട്ടം നടത്തുന്ന നാല് പട്ടികജാതി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച് അധികൃതരുടെ പകപോക്കുന്നുവെന്ന് ആരോപണം. തങ്ങൾക്കനുകൂലമായ ഹൈക്കോടതി ഉത്തരവ് മറികടന്ന് പുകച്ചുപുറത്തുചാടിക്കാനുള്ള നഗരസഭ അധികൃതരുടെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് കുടിവെള്ളം മുട്ടിക്കലെന്ന് സമരക്കാർ ആരോപിച്ചു.

മൂന്ന് പതിറ്റാണ്ട് മുമ്പ് മുള്ളൻകുഴിയിൽ നഗരസഭ നിർമ്മിച്ചുനൽകിയ കോളനിയിൽ താസമിക്കുന്നവരെ പുതിയ ഫ്ലാറ്റ് നിർമ്മിച്ച് പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നാല് കുടുംബങ്ങളെ സമരരംഗത്തിറക്കിയത്. മാടത്തി, മുനിയമ്മ, വീരലക്ഷ്മി, രാജലക്ഷ്മി എന്നിവർ അർഹതയുണ്ടായിട്ടും പുതിയ ഫ്‌ളാറ്റിൽ ഇടം കിട്ടിയില്ലെന്ന പരാതിയുമായി രംഗത്തുവന്നു. ഫ്ലാറ്റ് ലഭിച്ചവരിൽ പലരും അനർഹരാണെന്നും ആക്ഷേപമുണ്ട്. മുമ്പ് നിർമ്മിച്ചുനൽകിയ കോട്ടേജുകളിലെ താമസക്കാരും സ്വന്തമായി സ്ഥലമൊ വാസയോഗ്യമായ വീടോ ഇല്ലാത്തവർക്കുമാണ് പുതിയ ഫ്‌ളാറ്റിൽ അപ്പാർട്ടുമെന്റുകൾ അനുവദിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ പുതിയ പട്ടികയിൽ ഇടം നേടിയതിൽ പലരും മുള്ളൻകുഴിയിലെ കോളനിയിൽ നിന്ന് വർഷങ്ങൾക്കുമുമ്പേ താമസം മാറിപ്പോയവരും മറ്റ് സ്ഥലങ്ങളിൽ വീടും സ്ഥലവും ഉള്ളവരുമാണെന്നാണ് ആക്ഷേപം. കോളനിയിലെ താമസക്കാരെ പുതിയ ഫ്‌ളാറ്റലേക്ക് മാറ്റിയ സാഹചര്യത്തിൽ പഴയവീടുകൾ പൊളിച്ചുനീക്കാനും നഗരസഭ തീരുമാനിച്ചു. എന്നാൽ തങ്ങളുടെ പ്രശ്‌നത്തിൽ അന്തിമതീരുമാനം ആകുന്നതുവരെ പഴയവീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതുചെവിക്കൊള്ളാതെ പഴയവീടുകൾ പൂർണമായും പൊളിച്ചുനീക്കാനുള്ള നടപടിയുമായി നഗരസഭ മുന്നോട്ടുപോയി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നാല് കുടുംബങ്ങൾക്ക് തൽസ്ഥിതി തുടരാൻ അനുമതി ലഭിച്ചു. കോടതിയുടെ സ്റ്റേ ഉത്തരവ് നിൽനിൽക്കെ കോളനിയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുലൈൻ വാട്ടർ അതോറിട്ടി അധികൃതർ അടച്ചുപൂട്ടി. നഗരസഭ ആവശ്യപ്പെട്ടതുപ്രകാരമാണ് പൈപ്പുലൈൻ പൂട്ടിയതെന്നായിരുന്നു വാട്ടർ അതോറിട്ടിയുടെ വിശദീകരണം. ഇപ്പോൾ താമസിക്കുന്ന വീടുകളിൽ നിന്ന് കുടിയൊഴിപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിൽനിൽക്കെ, കുടിവെള്ളം മുട്ടിച്ചത് പരോക്ഷമായ കുടിയിറക്കൽ നടപടിയാണെന്ന് പരാതിക്കാർ ആരോപിച്ചു. സംഭവം വിവാദമായതോടെ തിങ്കളാഴ്ചക്ക് മുമ്പ് പരിഹാരമുണ്ടാക്കാമെന്ന നഗരസഭയുടെ ഉറപ്പ് ഇന്നലെ വൈകിട്ടുവരെ പാലിക്കപ്പെട്ടില്ല.