ചങ്ങനാശേരി: പെരുന്ന റെഡ് സ്‌ക്വയർ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇവിടെ സ്ഥാപിച്ചിട്ടുള്ള സിഗ്നൽലൈറ്റ് നാളുകളായി പ്രവർത്തനരഹിതമായത് അപകടങ്ങളുടെ പ്രധാന കാരണമാണ്. ചെറുതും വലുതുമായ നിരവധി അപകടങ്ങൾ ഇവിടെ പതിവാണ്. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ ഇടിച്ചും അപകടങ്ങൾ ഉണ്ടാകുന്നു. ഇന്നലെ രാവിലെ ഇതുവഴി കടന്നുപോയ ബൈക്കും ലോറിയും കൂട്ടിയിടിച്ചും അപകടം സംഭവിച്ചതാണ് ഇതിൽ ഒടുവിലത്തേത്. വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗതയിലാണ് ഇവിടെ പോകുന്നത്. കാൽനടയാത്രക്കാർക്ക് പോലും ഭീതിയോടെ സഞ്ചരിക്കേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. റോഡ് മുറിച്ചുകടക്കാൻ ഏറെ പ്രയാസകരമാണെന്ന് കാൽനടയാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ, ടിപ്പറുകൾ, ടോറസുകൾ, ടൂറിസ്റ്റ് ബസുകൾ, സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വലുതും ചെറുതുമായ ആയിരക്കണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. എന്നാൽ വിശേഷദിവസങ്ങളിൽ മാത്രമാണ് ഹോംഗാർഡുകളുടെ സേവനം ഇവിടെ ലഭ്യമാകുന്നത്. ചുരുക്കം ചിലദിവസങ്ങളിൽ പേരിനു മാത്രം രാവിലെയോ വൈകുന്നേരങ്ങളിലോ പൊലീസുകാരുടെ സേവനം ലഭിക്കും. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായതിനാൽ സമീപത്തുള്ള വിദ്യാലയങ്ങളിലേക്കും കോളജിലേയ്ക്കും ആശുപത്രിയിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നവർ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജംഗ്ഷനിലെ സിഗ്‌നൽ ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിനും ട്രാഫിക് പൊലീസിന്റെ സേവനം ഉറപ്പാക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം