ഈരാറ്റുപേട്ട: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സി.പി.എമ്മിന്റെ അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചതോടെ ജനപക്ഷത്തിന് ഭരണം നഷ്ടമായി. ആറിനെതിരെ എട്ട് വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ എൻ.ഡി.എയിൽ എത്തിയതിന്റെ പേരിലുള്ള തിരിച്ചടികൂടിയായി പി.സി. ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷത്തിന്. പഞ്ചായത്ത് ഹാളിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ അഞ്ച് സി.പി.എം അംഗങ്ങളും രണ്ട് കോൺഗ്രസ് അംഗങ്ങളും ഒരു കേരളാ കോൺഗ്രസ് (എം) അംഗവും പ്രമേയത്തെ അനുകൂലിച്ചു. ജനപക്ഷത്തിലെ ജിസോയി, അനിൽകുമാർ എന്നിവർ വോട്ടിംഗിൽ പങ്കെടുത്തെങ്കിലും ചർച്ചയിൽ പങ്കെടുത്തില്ല. വിശ്വാസികൾക്കൊപ്പം നിന്ന തങ്ങളെ അവിശുദ്ധ മാർഗത്തിലൂടെ പുറത്താക്കുകയായിരുന്നെന്ന് ജനപക്ഷം ആരോപിച്ചു. എന്നാൽ വർഗീയതയെ തടയാൻ സി.പി.എമ്മിനെ പിന്തുണച്ചെന്നാണ് യു.ഡ‌ി.എഫ് നിലപാട്. അവിശ്വാസം പാസായ ശേഷം പുറത്തിറക്കിയ അംഗങ്ങളെ പാർട്ടി പ്രവർത്തകർ ഹാരമണിയിച്ച് സ്വീകരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സി.പി.എം മത്സരിച്ചാൽ യു.ഡി.എഫ് പിന്തുണയ്ക്കുമോയെന്നും വ്യക്തമല്ല.