കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് ക്യാരി ബാഗ്, സ്‌ട്രോ ഉൾപ്പെടെ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ജൂലൈ 15 മുതൽ നിരോധിക്കാൻ തീരുമാനം. കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ഗ്രീൻ പ്രോട്ടോകൾ പാലിക്കണമെന്നും ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ:ടി.എൻ.സീമ എക്‌സ്.എം.പി. യുടെ നേതൃത്വത്തിൽ ചേർന്ന ചിറ്റാർ പുനർജനി പദ്ധതി ഒന്നാം ഘട്ട അവലോകന ഭാവി പരിപാടി രൂപീകരണ യോഗം അഭ്യർഥിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ബദലായി കുടുംബശ്രീ വഴി തുണി സഞ്ചി നിർമിച്ച് നൽകാനുള്ള പദ്ധതി നടപ്പിലാക്കും. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകൾ മാലിന്യ നിർമാർജനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. പ്രകൃതിയെ അടിസ്ഥാന വിഷയമാക്കി ഹരിത കലോത്സവം സംഘടിപ്പിക്കാനും നവീകരിക്കപ്പെട്ട ചിറ്റാർപുഴയുടെ സംരക്ഷണം പ്രദേശം തിരിച്ച് ഓരോ സ്‌കൂളുകളെ ഏൽപ്പിക്കാനും തീരുമാനമായി. കൂടാതെ കുടുംബശ്രീ, ക്ലബുകൾ, സംഘടനകൾ മാലിന്യ നിർമാർജന ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയുണ്ട്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വിവിധ ഏജൻസികൾ വഴി കമ്പോസ്റ്റ് പിറ്റ്, ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് നൽകും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീറിന്റെ അദ്ധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടിവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.
ചിറ്റാർ പുനർജനി മിഷൻ ജനറൽ കൺവീനറും, ഗ്രാമപഞ്ചായത്തംഗവുമായ എം.എ.റിബിൻ ഷാ ഭാവി പരിപാടികൾ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. രമേശ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.സി. ഓമനക്കുട്ടൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഇസ്മായിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ, ഏ.കെ.ജെ.എം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സാൽവിൻ അഗസ്റ്റിൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ബിജു പത്യാല,ഫുഡ് സെഫ്‌റ്റി ഓഫീസർ എം.ടി. ബേബിച്ചൻ, കൃഷി ഓഫീസർ രാജശ്രീ, ജലസേചന വകുപ്പ് എഞ്ചിനിയർ നിഷാ ദാസ്, ഹൈഡ്രോളജി വിഭാഗം അസി.എഞ്ചിനിയർ ദീപാ എസ്, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ സുർജിത്, ചിറ്റാർ പുനർജനി മിഷൻ ചെയർമാൻ സ്‌കറിയ ഞാവള്ളി, പഞ്ചായത്തംഗങ്ങളായ വിദ്യാ രാജേഷ്, സജിൻ വട്ടപ്പള്ളി, കുഞ്ഞുമോൾ ജോസ്, നൈനാച്ചൻ വാണിയപ്പുരക്കൽ എന്നിവർ സംസാരിച്ചു.