പൊൻകുന്നം: മിനിസിവിൽ സ്റ്റേഷൻ നടത്തിപ്പിന് വകുപ്പുകളുടെ കൂട്ടുത്തരവാദിത്വം ഏർപ്പെടുത്താൻ തഹസിൽദാരുടെ അദ്ധ്യക്ഷതയിൽ കൂടിയ എസ്റ്റേറ്റ് കമ്മിറ്റിയിൽ തീരുമാനം. ഇവിടെ പ്രവർത്തിക്കുന്ന ഓഫീസ് മേലധികാരികളെ ഉൾപ്പെടുത്തിയാണ് കമ്മിറ്റി രൂപീകരിച്ചത്. വിവിധ വകുപ്പമേധാവികളും പൊതുമരാമത്ത് കെട്ടിടവിഭാഗം എ.ഇ.ഒയും യോഗത്തിൽ പങ്കെടുത്തു. കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഇപ്പോൾ കാര്യങ്ങൾ നടക്കുന്നത്. കെട്ടിടവും പരിസരവും വൃത്തിയാക്കാൻ ദിവസവേതന അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കാൻ ജില്ലാ കളക്ടറുടെ അനുമതി തേടിയിട്ടുണ്ട്.അതുവരെ ഓരോ ഓഫീസുകളും അവരവർതന്നെ വൃത്തിയാക്കണം. പൊതുവായുള്ള ഭാഗം ഓരോരുത്തരും ടേൺ അനുസരിച്ച് വൃത്തിയാക്കാനും തീരുമാനമായി. സിവിൽസ്റ്റേഷൻ വളപ്പിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കും, മണ്ണിടിഞ്ഞതുമൂലം കുഴൽക്കിണർ പ്രവർത്തനരഹിതമായതിനാൽ മഴവെള്ള സംഭരണിയിൽനിന്നും വെള്ളം എടുക്കും, ശുദ്ധജലക്ഷാമത്തിന്ശാശ്വതമായ പരിഹാരം കാണുന്നതിനായി ജല അതോറിട്ടിയുടെ കണക്ഷൻ എടുക്കും, സിവിൽ സ്റ്റേഷൻ ഗേറ്റ് രാവിലെ 9.30ന് തുറക്കുകയും വൈകിട്ട് 5ന് അടയ്ക്കുകയും ചെയ്യും, എല്ലാ ഓഫീസുകൾക്കും ഗേറ്റിന്റെ താക്കോൽ നൽകും എന്നിവയാണ് മറ്റു തീരുമാനങ്ങൾ