bribe

കോട്ടയം: കാരാപ്പുഴയിൽ വാടകയ്‌ക്ക് താമസിക്കുന്ന നഗരസഭ അസി.എൻജിനീയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനിൽ എം.പി ഡെയ്‌സിയെ പരാതിക്കാരൻ കുടുക്കിയത് സഹികെട്ട്. നിരന്തരം വിളിച്ച് കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.

പരാതിക്കാരന്റെയും അയൽവാസിയുടെയും വീട്ടിലേയ്‌ക്ക് ഒരു വഴിയാണുള്ളത്. അയൽവാസി തന്റെ പുരയിടത്തിനൊപ്പം ഈ റോഡും മണ്ണിട്ട് ഉയർത്തി. ഇതോടെ തറനിരപ്പിൽ നിന്നും ഏറെ ഉയരെയായ റോഡിലേയ്‌ക്ക് പരാതിക്കാരന്റെ വീട്ടിൽ നിന്നും കയറാനാവാത്ത സ്ഥിതിയായി. ഇപ്പോൾ പിടിയിലായ ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയാണ് ഈ റോഡ് മണ്ണിട്ടുയർത്താൻ അനുമതി നൽകിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതേ തുടർന്നാണ് നഗരസഭയിൽ പരാതി നൽകിയത്. ഈ പരാതി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടതാവട്ടെ ഡെയ്സിയെയും. ഏപ്രിലിൽ നൽകിയ പരാതിയിൽ ഒരു മാസത്തോളം ഇവർ നടപടിയൊന്നും സ്വീകരിച്ചില്ല. പിന്നീട്, പരാതിക്കാരനെ ഇവർ നിരന്തരമായി ഫോണിൽ വിളിച്ച് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം സ്ഥലം സന്ദർശിച്ച ശേഷം സഹായിക്ക് നൽകാനെന്ന പേരിൽ നൂറു രൂപ വാങ്ങി. രണ്ടാം തവണ എത്തിയപ്പോൾ ഓട്ടോക്കൂലിയായി അഞ്ഞൂറ് രൂപ നൽകാൻ നിർദേശിച്ചു. പിന്നീട് അയ്യായിരം രൂപ ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്‌ച രണ്ടായിരം രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ടു. ഈ വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. എന്നാൽ, വിജിലൻസ് എത്തും മുൻപ് ഇവർ നാട്ടിലേയ്‌ക്ക് പോയിരുന്നു. തുടർന്ന് ഇന്നലെ രാവിലെ ഓഫീസിലെത്തിയപ്പോഴും ഇവർ പരാതിക്കാരനെ വിളിച്ചു. തുടർന്നാണ് വിജിലൻസ് ഡെയ്‌സിയെ കുടുക്കിയത്.

അഴിമതി മറച്ച് കാമറ

തകരാറൊന്നുമില്ലെങ്കിലും കോട്ടയം നഗരസഭ ഓഫീസിലെ കാമറകൾ കണ്ണടച്ചിട്ട് എട്ടു ദിവസമായി. ഇത് അഴിമതിക്കാർക്ക് കുടപിടിക്കാനാണെന്ന് പകൽ പോലെ വ്യക്തം. ഓരോ ജീവനക്കാരെയും പരസ്‌പരം തിരിച്ച് കാബിനുകൾ കൂടി സ്ഥാപിച്ചിരിക്കുന്നതിനാൽ എന്തുനടന്നാലും ഒരാൾ പോലും പുറത്തറിയില്ല.

ഒരു മാസത്തിനിടെ ഇവിടെ നിന്ന് രണ്ട് ജീവനക്കാരാണ് കൈക്കൂലിക്കേസിൽ പിടിയിലായത്. നാട്ടകം സോണൽ ഓഫിസിലെ റവന്യു ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി പ്രമോദാണ് കഴിഞ്ഞ മാസം പി‌ടിയിലായത്.

നടപടി ശക്തമാക്കും

അഴിമതിക്കാർക്ക് പല തവണ താക്കീത് നൽകിയിട്ടുണ്ട്. പലരെയും സ്ഥലം മാറ്റുകയും നടപടിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. അഴിമതി തടയാൻ ഈ സാഹചര്യത്തിൽ നടപടി ശക്തമാക്കും.

ഡോ.പി.ആർ സോന, നഗരസഭ അദ്ധ്യക്ഷ