പൊൻകുന്നം: അർബുദ രോഗിയായ സദന് ഇനി ചികിത്സ തുടരണമെങ്കിൽ നന്മയുള്ളവർ കനിയണം. കരളിന് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ എലിക്കുളം പഞ്ചായത്ത് രണ്ടാംമൈൽ ഇരുമ്പുകുത്തിയിൽ സദൻ(46) എറണാകുളത്ത് അമൃത ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. പത്തുലക്ഷം രൂപയിലേറെ ചെലവ് വരുന്ന ചികിത്സ തുടരാനാകാതെ പ്രതിസന്ധിയിലാണ് കുടുംബം.
നാട്ടുകാരുടെ കനിവുണ്ടെങ്കിൽ മാത്രമേ ഇനി ചികിത്സ തുടരാനാവൂ എന്ന അവസ്ഥയിലാണിവർ. പത്തുലക്ഷം രൂപയിലേറെയാണ് ചികിത്സാച്ചെലവ് പ്രതീക്ഷിക്കുന്നത്. വിദഗ്ദ്ധ ചികിത്സക്കായി അമൃതയിലേക്ക് മാറ്റിയതാണ്.
സദന്റെ സഹോദരൻ ജയ്‌മോൻ നാലുവർഷം മുൻപ് ഇതേ രോഗത്താൽ മരണമടഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ദുർവിധി സദനുണ്ടാവരുതെന്ന പ്രാർഥനയോടെ കുടുംബാംഗങ്ങളും ചികിത്സാസഹായസമിതിയും ചേർന്ന് പണം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. അമ്മ തങ്കമ്മ ശ്രീധരന്റെയും വിദ്യാർത്ഥികളായ രണ്ട് മക്കളുടെയും ഏക ആശ്രയമാണ് സദൻ. കൂലിപ്പണിക്കാരനായ സദന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
പൊതുപ്രവർത്തക സി.പി.ഓമന കൺവീനറായി ചികിത്സാ സഹായസമിതി രൂപവത്ക്കരിച്ച് പ്രവർത്തനം തുടങ്ങി. എസ്.ബി.ഐ.ഇളങ്ങുളം ശാഖയിൽ തങ്കമ്മ ശ്രീധരന്റെയും സി.പി.ഓമനയുടെയും പേരിൽ 67055670430 (ഐ.എഫ്.എസ്.സി.കോഡ്: SBIN0070360) എന്ന നമ്പരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.