കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിലെ മണ്ണയ്ക്കനാട് ഗവൺമെന്റ് യു. പി സ്കൂൾ കെട്ടിടം ശോചനീയാവസ്ഥയിലായിട്ട് വർഷങ്ങളേറെയായെങ്കിലും പരിഹാരനടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മഴ പെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു പല ക്ലാസ് മുറികളും. എന്നാൽ ഈ പ്രശ്നം അദ്ധ്യയന വർഷാരംഭത്തോടനുബന്ധിച്ച് അദ്ധ്യാപകരുടെയും പി. ടി. എയുടെയും നേതൃത്വത്തിൽ പരിഹരിച്ചിരുന്നു. കെട്ടിടത്തിലെ ചുവരുകൾ കുമ്മായം തേച്ച സ്ഥിതിയിലാണ്.ഇത് കുട്ടികളിൽ അലർജി ഉണ്ടാവുന്നതിനും കാരണമാകുന്നുണ്ട്. സ്കൂളിലേക്കുള്ള സ്റ്റെപ്പുകൾ തക‌ർന്നതിനാൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. സ്കൂളിലേക്കുള്ള റോഡുകളും തകർന്ന നിലയിലാണ്. ഇതു നവീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കാമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. കൂൾ കെട്ടിടം അറ്റക്കുറ്റപ്പണികൾ നടത്തി നവീകരിക്കുന്നതിനായി ജനപ്രതിനിധികൾക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.