ഏറ്റുമാനൂർ: വാദപ്രതിവാദങ്ങൾക്കും, ചേരിപ്പോരിനുമെടുവിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചു. കേരളാ കോൺ.(എം.) അംഗമായിരുന്ന മേരിക്കുട്ടി സെബാസ്റ്റ്യനാണ് രാജി വച്ചത്. മുന്നണി ധാരണപ്രകാരം അടുത്ത പ്രസിഡന്റ് കോൺഗ്രസിൽ നിന്നുള്ള അംഗമാകും. യു.ഡി.എഫിലെ ധാരണകൾക്ക് വിരുദ്ധമായി കാലാവധി കഴിഞ്ഞിട്ടും മേരിക്കുട്ടി സെബാസ്റ്റ്യൻ രാജി വെക്കാൻ തയ്യാറാകുന്നില്ലെന്നാരോപിച്ച് കോൺഗ്രസും, കേരളാകോൺഗ്രസ് പ്രദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. ഇത് പരസ്യ പ്രസ്താവനയ്ക്കും, ചേരിപ്പോരിനും വരെ കാരണമാകുകയും ചെയ്തു. പരസ്യപ്രസ്താവനകളുമായി കോൺഗ്രസ് രംഗത്ത് വന്നതോടെ കേരളാ കോൺഗ്രസ് മേരിക്കുട്ടി സെബാസ്റ്റ്യന്റെ രാജി ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു കോൺഗ്രസിന് രണ്ടു വർഷം പ്രസിഡന്റ് സ്ഥാനമെന്നതായിരുന്നു ധാരണയെങ്കിലും പിന്നീട് ഒന്നര വർഷമാക്കി ചുരുക്കിയിരുന്നു. കേരളാ കോൺഗ്രസ് അംഗം പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാതെ തുടർന്നതിനാൽ തങ്ങൾക്ക് കിട്ടേണ്ട കാലാവധി കുറഞ്ഞ പോയെന്ന് കോൺഗ്രസ് പറയുന്നു.