ചങ്ങനാശേരി: സ്ഥിരം ക്രിമിനൽ കേസുകളിലെ പ്രതിയെ പൊലീസ് പിടികൂടി. പായിപ്പാട് നാലുകോടി കൂടത്തെട്ട് ബിനു എന്ന ബിനു കുര്യാക്കോസിനെയാണ് (39) തൃക്കൊടിത്താനം എസ്.ഐ പി.എം ഷമീറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ ഉത്തരവിൻപ്രകാരമാണ് സ്ഥിരം കേസുകളിലെ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. നിലവിൽ ഒരു കേസിൽ പൊൻകുന്നം ജയിലിൽ ഇയാളെ പാർപ്പിച്ചിരിക്കുകയായിരുന്നു. ചങ്ങനാശേരി, തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, ഭവനഭേദനം, ആയുധങ്ങളുമായി സംഘം ചേരൽ, തട്ടികൊണ്ട് പോകൽ, മോഷണം, കൊലപാതകം, പണം വാങ്ങി കൊട്ടേഷൻ, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങിയ കേസുകളിൽ ഇയാൾ പ്രതിയാണ്. കൂടാതെ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടാൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയാണ് ഇയാളുടെ രീതി. പ്രതിയെ കാപ്പ നിയമപ്രകാരം 6 മാസത്തെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു.