കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ നിർണായക തെളിവായ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ സ്ഥിരീകരിച്ച് അന്വേഷണ സംഘത്തലവൻ ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി. ഇന്നലെ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ്.ജയചന്ദ്രൻ മുൻപാകെ നടന്ന വിചാരണയിലാണ് ഡിവൈ.എസ്.പി തെളിവുകൾ വ്യക്തമാക്കിയത്. ഏറ്റുമാനൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ ഡിവൈ.എസ്.പി വിശദീകരിച്ചു.
ഒന്നാംപ്രതി ഷാനുവും അഞ്ചാം പ്രതിയും പിതാവുമായ ചാക്കോയും തമ്മിലും മറ്റുപ്രതികളുമായും പരസ്പരം സംസാരിച്ചതിനും ഫോൺ രേഖകളുണ്ട്. ഈ സാഹചര്യത്തിൽ പ്രതികൾ കുറ്റംചെയ്തായി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സമർപ്പിച്ചതെന്നും ഗിരീഷ് അറിയിച്ചു. ഇന്നും ഇദ്ദേഹത്തിന്റെ ക്രോസ് വിസ്‌താരം നടക്കും.