albin

ഏറ്റുമാനൂർ: മീനച്ചിലാറിനു കുറുകെ നീന്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
കട്ടച്ചിറ മുളൻച്ചിറക്കുന്നേൽ ടോമിയുടെ മകൻ ആൽബിൻ എം ടോമി (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 ന് പുന്നത്തുറ കമ്പനി കടവ് പാലത്തിനു സമീപമായിരുന്നു സംഭവം.
സുഹൃത്തുകളുമായി ചേർന്ന് പാലത്തിനു സമീപം ചൂണ്ടയിടാനെത്തിയതായിരുന്നു ആൽബിൻ. ഇതിനിടയിലാണ് ഇവർ ആറിന് കുറുകെ നീന്തിയത്. ഒരു പ്രാവശ്യം അക്കരെ നീന്തി മടങ്ങി വന്ന ശേഷം വീണ്ടും നീന്തുന്നതിനിടയിൽ കുഴഞ്ഞ് മുങ്ങിത്താണ ആൽബിനെ സുഹ്യത്ത് എബിൻ വലിച്ച് കരയിൽ എത്തിക്കുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന സുഹ്യത്ത് ശ്യാം നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. തുടർന്ന് ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പ്ലസ് ടൂ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു ആൽബിൻ. ശാലി ടോമിയാണ് മാതാവ്. സഹോദരൻ: അർജുൻ ടോമി. സംസ്കാരം പിന്നീട്.