തിരുവല്ല: മഴക്കാലമായി ഏതു സമയേം നിലം പൊത്താം. അപകടഭീഷണി ഉയർത്തി നിൽക്കുകയാണ് നഗരസഭയുടെ ടൗൺ ഹാൾ കെട്ടിടം. നഗരസഭയുടെ വളപ്പിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ കെട്ടിടം ഇടക്കാലത്ത് അറ്റകുറ്റപ്പണികൾ നടത്തി പുതുമോടി വരുത്തിയെങ്കിലും ഇപ്പോൾ പൊളിച്ചുനീക്കാതെ രക്ഷയില്ലാത്ത സ്ഥിതിയിലായി. എന്നാൽ സാങ്കേതിക തടസങ്ങളിൽ കുടുങ്ങി പൊളിക്കൽ നടപടികൾ നീണ്ടുപോകുകയാണ്. കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് പൂർണമായും ഇളകിമാറി കമ്പികൾ ദ്രവിച്ച് നിൽക്കുന്ന കെട്ടിടം ഏത് സമയത്തും നിലംപൊത്താവുന്ന നിലയിലാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി കെട്ടിടം പൊതു പരിപാടികൾക്കായി വിട്ടു നൽകുന്നില്ല. ഈ കെട്ടിടം പൊളിച്ചാൽ നഗരസഭാ വളപ്പിൽ സ്ഥലസൗകര്യവും ലഭ്യമാകും.
ആശങ്കയായി കുടുംബകോടതി
ടൗൺ ഹാൾ കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടത്തിലാണ് കുടുംബ കോടതി പ്രവർത്തിക്കുന്നത്. ടൗൺ ഹാൾ കെട്ടിടം പൊളിച്ചാൽ അതോടൊപ്പം കോടതിയുടെ കെട്ടിടവും ഇടിഞ്ഞു വീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
കോടതി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു
കോടതിയുടെ പ്രവർത്തനം ഇവിടെ നിന്ന് മാറ്റാൻ വൈകുന്നതാണ് കെട്ടിടം പൊളിക്കുന്നതിന് തടസമാകുന്നതെന്നും ആക്ഷേപം ഉണ്ട്. ഇവിടുത്തെ കോടതി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർക്ക് നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നതായി നഗരസഭ അധികൃതർ പറഞ്ഞു. നാല് മാസം മുമ്പ് കുടുംബ കോടതി സന്ദർശിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉബൈദിനെ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിൽ കാണിച്ച് ബോദ്ധ്യപ്പെടുത്തി. കോടതി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്‌ടോബർ മാസത്തിൽ നിയമ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്. എന്നാൽ തിരുമൂലപുരത്ത് നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണികൾ പൂർത്തിയാവുന്ന ഘട്ടത്തിലേ കോടതിയുടെ പ്രവർത്തനം മാറ്റാൻ സാധിക്കൂയെന്നാണ് വിവരം. ഇതിനിടെ കോടതി കെട്ടിടം ഒഴിവാക്കി ടൗൺ ഹാൾ കെട്ടിടം മാത്രം പൊളിച്ചു നീക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
മുൻസിപ്പൽ ടൗൺ ഹാൾ കെട്ടിടം കരാർ നൽകി പൊളിക്കാനായി അടുത്ത കൗൺസിൽ യോഗത്തിൽ അനുമതി തേടും
എസ്.ബിജു
(നഗരസഭാ സെക്രട്ടറി)