കോട്ടയം: ചന്ദനമുട്ടികളുമായി കഴിഞ്ഞയാഴ്ച പിടിയിലായ ഷൊഹൈബിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആന്ധ്രായിലെത്തിയ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഒരു കോടി രൂപയുടെ ചന്ദന ഉല്പന്നങ്ങൾ. ആന്ധ്രാപ്രദേശ്- തമിഴ്‌നാട് അതിർത്തിയോടു ചേർന്ന് ബൊമ്മസമുദ്രത്തിലുള്ള ചന്ദന ഫാക്ടറിയിൽ നിന്നാണ് മറയൂർ വനം വകുപ്പ് ഉദ്യോഗസ്ഥർ 720 കിലോ ചന്ദന ഉല്പന്നങ്ങൾ പിടിച്ചെടുത്തത്. 300 കിലോ ചന്ദനപ്പൊടിയും 400 കിലോ ചന്ദന ചീളുകളും 20 കിലോ ചന്ദനമുട്ടികളുമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ചെയായിരുന്നു റെയ്ഡ്. ഈ ഫാക്ടറി അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ചന്ദന ഫാക്ടറിയാണിത്. പ്രതികളെ ആരെയും പിടികൂടാനായില്ല. കഴിഞ്ഞ 12ന് ചന്ദനകടത്ത് കേസുമായി ബന്ധപ്പെട്ട് പിടികൂടിയ മലപ്പുറം പൂക്കോട്ടൂർ പുല്ലാര സ്വദേശി ഷൊഹൈബ് (കുഞ്ഞിപ്പു) നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് ആന്ധ്രായിലെത്തി പരിശോധന നടന്നത്. ഫാക്ടറി കാണിച്ചു നൽകുന്നതിന് ഷൊഹൈബിനെയും വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടുപോയിരുന്നു. ഷൊഹൈബിനെ പിടികൂടിയത് അറിഞ്ഞതിനാൽ ഫാക്ടറിയിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ചന്ദനവും മാറ്റിയതായി ഉദ്യോഗസ്ഥർവ്യക്തമാക്കി.
മറയൂർ ചന്ദനക്കാടുകളിൽ നിന്ന് ചന്ദനം ശേഖരിച്ച് ഷൊഹൈബ് കഴിഞ്ഞ അഞ്ചു വർഷമായി ഇവിടെയാണ് എത്തിച്ചിരുന്നത്. ദേവികുളം ജയിലിൽ റിമാൻഡിലായിരുന്ന ഷൊഹൈബിനെ ശനിയാഴ്ച ദേവികുളം കോടതിയിൽ അപേക്ഷ നല്കി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ആന്ധ്രാ പ്രദേശ് ചിറ്റൂരിലെ ഫാക്ടറിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. തുടർന്ന് മുഖ്യ വനപാലകന്റെ നിർദ്ദേശപ്രകാരമാണ് മൂന്നാർ ഡി.എഫ്. ഒ നരേന്ദ്രബാബു, മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ ബി. രഞ്ജിത്, മറയൂർ റെയിഞ്ച് ഓഫീസർ ജോബ്.ജെ. നേര്യംപറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ മറയൂരിൽ നിന്നും 25 പേരടങ്ങുന്ന സംഘമാണ് ആന്ധ്രയിലെത്തി പരിശോധന നടത്തിയത്.