കോട്ടയം: ഇരുകാലുകളിലും കഞ്ചാവ് കെട്ടിവച്ച് കടത്താൻ ശ്രമിച്ച കോട്ടയം സ്വദേശി കുമളിയിൽ പിടിയിലായി. കഞ്ഞിക്കുഴി സ്വദേശി കൊച്ച്പുളിമൂട് വീട്ടിൽ ജെൻസാണ് (32) എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 1.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ കഞ്ചാവ് കാലിന്റെ മുട്ടിന് താഴെ വച്ചു കെട്ടിയാണ് കടത്താൻ ശ്രമിച്ചത്. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ കഞ്ചാവ് കോട്ടയത്ത് എത്തിച്ച് വിൽപ്പന നടത്തുന്ന ആളാണ് ജെൻസ് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇടുക്കി എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബസിലെത്തിയ ഇയാളെ പിടികൂടിയത്. ഇൻസ്‌പെക്ടർ ജെനിഷ് എം.എസ്, പ്രിവന്റീവ് ഓഫീസർമാരായ മനോജ് സെബാസ്റ്റ്യൻ, സതീഷ് കുമാർ, സനൽനാഥ് ശർമ, ജോൺസൺ, ദീപികുമാർ, ജോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.