കോട്ടയം: നിപ്പയുടെ ഭീതി ഒഴിഞ്ഞതോടെ കായൽ യാത്രയ്ക്കായി സഞ്ചാരികളുടെ തിരക്കേറുന്നു. മൺസൂൺ ടൂറിസത്തിന്റെ ഭാഗമായി ആലപ്പുഴയിലെയും കുമരകത്തെയും പ്രമുഖ ടൂർ ഓപ്പറേറ്റർമാർ ആകർഷകമായ പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ വർഷം മൺസൂൺ ടൂറിസത്തെ നിപ്പ സാരമായി ബാധിച്ചിരുന്നു. എന്നാൽ സീസണിന്റെ തുടക്കത്തിൽ തന്നെ നിപ്പ ഭീതി ഒഴിഞ്ഞത് ടൂറിസം മേഖലയ്ക്ക് ഇത്തവണ ഗുണകരമാകും. ഇതോടെ സഞ്ചാരികളുടെ ഒഴുക്കും വർദ്ധിക്കും. അറബ് രാജ്യങ്ങളിൽ ചൂട് കനക്കുന്ന സമയം കായലിന്റെ കാറ്റ് തേടി ആലപ്പുഴയിലും കുമരകത്തും എത്തുന്ന സ്ഥിരം ടൂറിസ്റ്റുകളുണ്ട്. ഈ രാജ്യങ്ങളിലെ വിദ്യാലയങ്ങൾ അവധിക്ക് അടച്ചതോടെ പ്രവാസി മലയാളികളുടെ സാനിധ്യവും ആലപ്പുഴയിലും കുമരകത്തും സജീവമാണ്. കുട്ടനാട്ടിൽ വള്ളംകളി സീസൺ ഉടൻ ആരംഭിക്കുന്നതിനാൽ കൂടുതൽ സഞ്ചാരികൾ വരുംദിവസങ്ങളിൽ എത്തുമെന്നാണ് കണക്ക്. അതേസമയം സീസണിൽ ആയുർവേദ ചികിത്സ ലക്ഷ്യം വച്ചെത്തുന്ന സഞ്ചാരികളും കുറവല്ല. മൺസൂൺ ആഘോഷിക്കാൻ 30 ശതമാനം വരെ കിഴിവ് പല ഹൗസ് ബോട്ട് ഉടമകളും ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.
1500 ഹൗസ്
ബോട്ടുകൾ
ആലപ്പുഴിലും കുമരകത്തുമായി 1500ലേറെ ഹൗസ് ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. കായൽ യാത്ര ആസ്വദിക്കാൻ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലാണ്. ജൂൺ, ജൂലായ് മാസങ്ങളിൽ മഴ ആസ്വദിക്കാനും ധാരാളം ആളുകൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. അതേസമയം മൺസൂൺ ടൂറിസവുമായി ബന്ധപ്പെട്ട് ചില പരിമിതികളും നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രധാനം കാലാവസ്ഥയാണ്. വൈകുന്നേരങ്ങളിലെ കാറ്റും മഴയും ഹൗസ് ബോട്ടിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. കാലവർഷമായതിനാൽ നാലു മണിയോടെ ഹൗസ് ബോട്ട് സവാരി നിറുത്തണമെന്നാണ് അധികൃതരുടെ പ്രധാന നിർദേശം.