കോട്ടയം: വഴിത്തർക്കം പരിഹരിക്കാൻ കോട്ടയം നഗരസഭയിലെ വനിത അസി.എൻജിനീയർ ഡെയ്സി രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയപ്പോൾ നിരീക്ഷണ കാമറ കണ്ണുംപൂട്ടിയിരുന്നു! കൈക്കൂലിക്കേസിൽ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി എസ്.സുരേഷ് കുമാർ നടത്തിയ പരിശോധനയിലാണ് എൻജിനീയറുടെ മുറിയിലെ കാമറയുടെ ബന്ധം വിച്ഛേദിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസമായി കാമറയുടെ ലിങ്ക് വിച്ഛേദിച്ച നിലയിലായിരുന്നു. എൻജിനീയറിംഗ് വിഭാഗത്തിലെ മറ്റ് ചില ഓഫീസർമാരുടെ മുറികളിലെ കാമറകളും പ്രവർത്തിച്ചിരുന്നില്ല. എന്നാൽ നഗരസഭയുടെ പുറത്തുള്ള കാമറകൾ പൂർണ്ണ പ്രവർത്തന സജ്ജമായിരുന്നു.

കാരാപ്പുഴയിൽ വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര പൂയപ്പള്ളി ജിജോഭവനിൽ എം.പി.ഡെയ്സിയാണ് കഴിഞ്ഞദിവസം വിജിലൻസിന്റെ പിടിയിലായത്. പ്രശ്ന പരിഹാരത്തിന് എത്ര രൂപ താരാനാകും എന്ന് ഡെയ്സി എഴുതിയ തുണ്ടുകടലാസും ഓഫീസ് മേശ വലിപ്പിൽ നിന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

അയൽവാസി വഴിയിൽ മണ്ണിട്ട് ഉയർത്തിയതോടെയാണ് ചാലുകുന്ന് സ്വദേശി കഴിഞ്ഞ ഏപ്രിൽ 16ന് നഗരസഭയിൽ പരാതി നല്കിയത്. എന്നാൽ സ്ഥലം പരിശോധിക്കാൻ എത്തണമെങ്കിൽ അയ്യായിരം രൂപ തരണമെന്നായി എൻജിനീയർ. പലതവണയായി നൂറും അഞ്ഞൂറും രൂപ നല്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥലം സന്ദർശിക്കാനോ പരാതിയെക്കുറിച്ച് അന്വേഷിക്കാനോ അവർ തയാറായില്ല. മാസങ്ങൾ കഴിഞ്ഞതോടെ പരാതിക്കാരൻ വിജിലൻസ് എസ്.പി. വി.ജി.വിനോദ്കുമാറിന് പരാതി നല്കുകയായിരുന്നു.

തുടർന്ന് വിജിലൻസ് ഡിവൈ.എസ്.പി സുരേഷ് കുമാർ ഫിനോഫ്തലിൻ പൗഡറിട്ട രണ്ടായിരം രൂപ പരാതിക്കാരന്റെ കൈയിൽ കൊടുത്തുവിട്ടു. കാബിനിൽ വച്ച് കാശ് കൊടുത്തെങ്കിലും കൈകൊണ്ട് വാങ്ങാൻ അവർ തയാറായില്ല. മേശ വലിപ്പ് തുറന്ന് കൊടുത്ത് അങ്ങോട്ട് വച്ചോളാൻ പറയുകയായിരുന്നു. പരാതിക്കാൻ നോട്ട് കൊടുത്ത് പുറത്തിറങ്ങിയതോടെ കാത്തുനിന്നിരുന്ന ഡിവൈ.എസ്.പിയും സംഘവും മുറിയിലേക്ക് പ്രവേശിച്ചു. മേശയിൽ നിന്ന് കണക്കിൽപ്പെടാത്ത 8,500 രൂപയും വിജിലൻസ് കണ്ടെടുത്തു. കൈക്കൂലി കേസിൽ പിടിയിലായതോടെ ഡെയ്സിയെ ഇന്നലെ സസ് പെൻഡ് ചെയ്തു.

വാദിയോടും പ്രതിയോടും ഒരേസമയം കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥയാണ് ഡെയ്സിയെന്ന് വിജിലൻസിന് നല്കിയ പരാതിയിൽ പറയുന്നു. അത്യാവശ്യമായി രണ്ടായിരം രൂപ ഉടൻ വേണമെന്ന് ഉദ്യോഗസ്ഥ പറഞ്ഞതോടെയാണ് ഗതികേടിലായ പരാതിക്കാരൻ വിജിലൻസിലെ സമീപിച്ചത്. ഏതാനും നാൾ മുമ്പ് വീട് പണിക്കുള്ള അനുമതിക്കായി 30,000 രൂപ ഇതേ ഓഫീസർക്ക് തന്നെ നല്കിയിരുന്നതായി പരാതിക്കാരൻ വിജിലൻസിനോട് പറഞ്ഞു. കൂടാതെ സഹോദരങ്ങൾ തമ്മിലുള്ള ഭൂമി തർക്കത്തിൽ പ്രശ്നപരിഹാരത്തിനായി ഇരുവരിൽ നിന്നും 50,000 രൂപ വീതം വാങ്ങിയിരുന്നുവത്രേ. മാസങ്ങൾ പലതു കഴിഞ്ഞിട്ടും ആർക്കും നീതി കിട്ടിയതുമില്ല. മുനിസിപ്പൽ കൗൺസിലിൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്ന പ്രശ്നം ചർച്ചയായിരുന്നു. അസി.എൻജിനീയർ പിടിക്കപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് പ്രത്യേക കൗൺസിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങരുതെന്നും ഓഫീസ് പ്രവർത്തനം സുതാര്യമാവണമെന്നും ഉദ്യോഗസ്ഥർക്ക് യോഗം മുന്നറിയിപ്പ് നല്കിരുന്നു.

നഗരസഭയിൽ കാര്യം

നടത്തുന്നത് കൈമടക്ക്

കോട്ടയം നഗരസഭയുടെ കീഴിലുള്ള നാട്ടകം സോണൽ ഓഫീസിലെ സീനിയർ ക്ലാർക്ക് എം.ടി.പ്രമോദിനെ കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. ഇതോടൊപ്പം ഇതേ ഓഫീസിലെ സൂപ്രണ്ട് സരസ്വതിയെയും പിടികൂടിയിരുന്നു. കുമാരനല്ലൂർ സോണൽ ഓഫീസിലെ ഇ.ടി.മാ‌‌ർട്ടിൻ ആറു മാസം മുമ്പാണ് കൈക്കൂലിക്കേസിൽ പിടിയിലായത്.