കോട്ടയം: മീനച്ചിലാറ്റിലും വേമ്പനാട്ട് കായലിലും നമ്മൾ തള്ളിയ മാലിന്യമൊന്നും എങ്ങും പോയിട്ടില്ല. അവയെല്ലാം കൃത്യമായി കായലിന്റെ തീരത്ത് അടിഞ്ഞിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ ആറ്റിലൂടെ ഒഴുകിയെത്തിയ മാലിന്യവും വേമ്പനാട്ട് കായലിലെ മാലിന്യവും കുമരകം അടക്കമുള്ള കായൽ തീരത്ത് അടിഞ്ഞിട്ടുണ്ട്. കായലിന്റെ ആവാസ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്ന പ്ളാസ്റ്റിക് മുതൽ കുപ്പിയും പാട്ടയും വരെയുണ്ട് തീരത്ത് അടിഞ്ഞവയിൽ.

പ്ളാസ്റ്റിക് കൂടുകൾ, കുപ്പികൾ, സ്ട്രോകൾ, ഡയപ്പറുകൾ, ചെരുപ്പുകൾ. ചാക്കിൻ കഷ്ണങ്ങൾ തുടങ്ങിയവയാണ് കുമരകത്ത് കായലിന് അരികിൽ അടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കൂടി മൂക്കുപൊത്താതെ നടക്കാനുമാകില്ല. മലവെള്ളപ്പാച്ചിലിൽ ആറ്റിലൂടെ ഒഴുകി കായലിൽ ചേർന്ന മാലിന്യമാണ് കൂടുതലും. ആറ്റിൽ തള്ളുന്ന അറവ് മാലിന്യങ്ങളുടെ അവശിഷ്ടം കായലിൽ അടിഞ്ഞ ചാക്കിൽ നിറയെയുണ്ട്. പള്ളിച്ചിറ,​ ബോട്ട് ജെട്ടി,​ പഴുക്കാനിലം ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞിരിക്കുന്നത്.

 കായൽ തരികൾ കൂടുതലെന്ന് പഠനം

വേമ്പനാട്ട് കായലിന്റെ അടിത്തട്ടിൽ, ജീവജാലങ്ങൾക്ക് ദോഷകരമാംവിധം പ്ളാസ്റ്റിക് തരികൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് എം.ജി.സർവകലാശാല സ്കൂൾ ഒഫ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് തുടർന്നാൽ കൊഞ്ച്, കരിമീൻ, കക്ക തുടങ്ങിയവയുടെ നിനിൽപ്പിന് അപകടാകുമെന്ന് പഠനത്തിൽ കണ്ടെത്തിയെങ്കിലും മാലിന്യം തള്ളൽ ഒഴിവാക്കാൻ ഒരു നടപടിയും ഉണ്ടായില്ല.