kvdm

ചങ്ങനാശേരി : മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം കെട്ടിയടച്ച് കടമുറി നിർമ്മിച്ച സംഭവത്തിൽ നഗരസഭാ നേതൃത്വത്തിനെതിരെ വീണ്ടും ആരോപണം. അടച്ചുകെട്ടിയ കവാടം പൊളിച്ചുമാറ്റുമെന്ന കഴിഞ്ഞ കൗൺസിൽ യോഗത്തിലെത്ത തീരുമാനം നടപ്പാകാത്തതാണ് വീണ്ടും വിവാദമായിരിക്കുന്നത്. അടച്ചുകെട്ടിയ ഭാഗം പൊളിച്ചുനീക്കുമെന്ന് നഗരസഭാ അധ്യക്ഷനും അറിയിച്ചിരുന്നു.

നിലവിൽ നാല് കവാടങ്ങളാണ് സ്റ്റേഡിയത്തിനുള്ളത്. അതിൽ പ്രധാന കവാടത്തിൽ നിന്നു കുറച്ചു മാറിയുള്ള കവാടമാണ് അടച്ചുകെട്ടിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പകരം കവാടം അടച്ചുപുട്ടി കടമുറി നിർമ്മിച്ച് സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള ശ്രമാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. സ്റ്റേഡിയ സംരക്ഷണ സമിതിയും വിഷയത്തിൽ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കെട്ടിയടച്ച ഭാഗം പൊളിച്ചു നീക്കാത്ത സാഹചര്യത്തിൽ വീണ്ടും സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം.