കോട്ടയം: ദാതാക്കളിൽ നിന്ന് സ്വീകരിക്കുന്ന രക്തത്തിലെ ഘടകങ്ങൾ വേർതിരിക്കാൻ 37.56 ലക്ഷം രൂപ മുടക്കി വാങ്ങിയ അത്യാധുനിക ഉപകരണം ജില്ലാ ആശുപത്രിയിൽ പൊടിപിടിച്ച് കിടക്കുന്നു. പുതിയ കെട്ടിടത്തിലേയ്ക്ക് ആശുപത്രി മാറുന്നതോടെ സംവിധാനം നടപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കെട്ടിടം പണി ഇഴഞ്ഞതോടെ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വാങ്ങിയ യന്ത്രം ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ്. പകർച്ച വ്യാധി പടരുന്നതിനാൽ രക്തത്തിന് ആവശ്യമുള്ള സാഹചര്യത്തിൽ പദ്ധതി ഉടൻ നടപ്പാക്കിയാൽ രോഗികൾക്ക് ഏറെ പ്രയോജനപ്പെടും.

രക്തത്തിൽ നിന്ന് പ്ളേറ്റ്ലെറ്റ്,​ പ്ളാസ്മ,​ റെഡ്സെൽ തുടങ്ങിയവ വേർതിരിച്ചെടുക്കാനുള്ള സംവിധാനമാണ് ഈ യന്ത്രത്തിലുള്ളത്. നിലവിലെ സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചില സ്വകാര്യ ആശുപത്രികളിലും മാത്രമേ ഈ സംവിധാനമുള്ളൂ. പ്രസവം, അപകടം തുടങ്ങിയ സന്ദർഭങ്ങളിലാണ് രോഗിക്ക് പൂർണരക്തത്തിന്റെ ആവശ്യം വരുന്നത്. ഡെങ്കി ബാധിച്ചവർക്ക് രക്തത്തിലെ പ്ളേറ്റ്ലെറ്റ് മാത്രം മതി. അങ്ങനെയുള്ളവർക്ക് പ്ളേറ്റ്ലെറ്റ് വേർതിരിച്ചെടുത്ത ശേഷം പ്ളാസ്മയടക്കമുള്ളവ മറ്റ് രോഗികൾക്ക് നൽകാനാവും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കുന്ന രക്തം വേർതിരിക്കാതെ അതേപടി രോഗിക്ക് നൽകുകയാണ്.

ചെലവായത് ₹ 35,10972

ജി.എസ്.ടിയും സർവീസ് ചാർജും അടക്കം 35,10972 രൂപ മുടക്കിയാണ് 'റഫ്രിജറേറ്റഡ് സെൻട്രിഫ്യൂജ്' എന്ന ഉപകരണം വാങ്ങിയത്. 12 ബാഗ് രക്തം ഒരുമണിക്കൂറിൽ താഴെ സമയംകൊണ്ട് ഘടകങ്ങളാക്കി മാറ്റാം. മൂന്ന് വർഷത്തെ വാറണ്ടിയാണ് ഉപകരണത്തിനുള്ളത്. കെട്ടിടം പണി ഇനിയും നീണ്ടാൽ വാറണ്ടി സമയം കഴിഞ്ഞ് ഉപകരണം പ്രവർത്തിപ്പിക്കേണ്ടിവരും.

ഗുണങ്ങൾ

ഒരു യൂണിറ്റ് രക്തം നാല് പേർക്ക് ലഭിക്കും

 രക്ത ക്ഷാമത്തിന് പരിഹാരം

 പ്ളേറ്റ്ലറ്റ് ഡെങ്കി ബാധിതർക്ക്

 പ്ളാസ്മ ക്യാൻസർ രോഗികൾക്ക് നൽകാം

'' പുതിയ കെട്ടിടത്തിലേയ്ക്ക് ആശുപത്രിയുടെ പ്രവർത്തനം മാറുമ്പോൾ പുതിയ സംവിധാനം നടപ്പാക്കാമെന്നാണ് അറിയിച്ചത്. ഉപകരണം വാങ്ങിയ സ്ഥിതിക്ക് സംവിധാനം നടപ്പാക്കാനുള്ള സാദ്ധ്യത ആരായും''

ഡോ. ട്വിങ്കിൾ പ്രഭാകർ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി