പൊൻകുന്നം : പൊൻകുന്നം ടൗൺ, ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരുവർഷമായിട്ടും നടപ്പായില്ല. സി.പി.എം, ആർ.എസ്.എസ് സംഘർഷം രൂക്ഷമായപ്പോഴാണ് കാമറ സ്ഥാപിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതിനാവശ്യമായ ഫണ്ട് നൽകാമെന്ന് ഡോ.എൻ.ജയരാജ് എം.എൽ.എ ഉറപ്പും നൽകി. കെൽട്രോൺ അധികൃതർ പരിശോധന നടത്തി കാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങളും നിശ്ചയിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ തുക കൂടുതലാണെന്ന ആക്ഷേപമുയർന്നതോടെ പദ്ധതി നിലച്ചു.
കഴിഞ്ഞ വർഷം മേഖലയിലുണ്ടായ സംഘർഷത്തെത്തുടർന്ന് മൂന്നുമാസം നിരോധനാജ്ഞ ഏർപ്പെടുത്തുകയും സംഘർഷ പ്രദേശങ്ങളിൽ ആറുമാസത്തിലധികം പൊലീസിനെ നിയോഗിക്കുകയും ചെയ്തിരുന്നു. എച്ച്.ഡി മികവോടെയുള്ള ആധുനിക കാമറകൾ സ്ഥാപിച്ചാലേ പ്രയോജനം ലഭിക്കൂവെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ കൈയിൽ അതിനുള്ള ഫണ്ടുമില്ല. രാഷ്ട്രീയ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം മോഷ്ടാക്കളടക്കമുള്ള സാമൂഹ്യവിരുദ്ധരെ കണ്ടെത്താനും അനാശാസ്യ പ്രവർത്തനങ്ങൾ ഇല്ലാതാക്കാനും കഴിയുമായിരുന്ന പദ്ധതി നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.