കോട്ടയം: രണ്ടു കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്നത് സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാനാകാത്തതിനാൽ കോടിമതയിലെ രണ്ടാം പാലത്തിന്റെ നിർമ്മാണം അനന്തമായി നീളുകയാണ്, നാലര വർഷം മുൻപ് നിർമ്മാണം ആരംഭിച്ച പദ്ധതിയാണ് എങ്ങുമെത്താതെ നിലച്ചിരിക്കുന്നത്. രണ്ടു ലക്ഷം രൂപ വരെ നഷ്‌ടപരിഹാരമായി നൽകാമെന്ന് കെ.എസ്.ടി.പി അറിയിച്ചെങ്കിലും പാലത്തിന്റെ പുറമ്പോക്കിൽ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങൾ വഴങ്ങാതെ വന്നതോടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിക്ക് തിരിച്ചടിയായത്. പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്ന് ഒരു വർഷം മുൻപ് മന്ത്രി നിയമസഭയിൽ പറഞ്ഞ പദ്ധതിയാണ് ഗതിയില്ലാതെ കിടക്കുന്നത്. കുടുംബങ്ങളെ അനുനയിപ്പിക്കാൻ പരാജയപ്പെട്ടതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ വൈകിയതോടെ കരാറുകാരനും സ്ഥലം വിട്ടു. കോടിമതയിൽ നിന്നും മണിപ്പുഴ വരെയുള്ള നാലുവരിപ്പാതയുടെ നിർമ്മാണ കാലത്താണ് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ മുൻകൈ എടുത്ത് നഗരത്തിന്റെ പ്രവേശന കവാടമായ കോടിമതയിൽ രണ്ടാം പാലം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോഴേയ്‌ക്കും പുറമ്പോക്കിൽ താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാൻ സാധിക്കുമെന്നും, സ്ഥലം ഏറ്റെടുത്ത് കെ.എസ്.ടി.പിയ്‌ക്ക് കൈമാറാനാവുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 60 ശതമാനത്തിലധികം നിർമ്മാണം പൂർത്തിയാക്കിയിട്ടും സ്ഥലം ഏറ്റെടുക്കാൻ സാധിക്കാത്തതിനാൽ പദ്ധതിയും പാതിവഴിയിൽ നിലച്ചു. സർക്കാരിന്റെ നഷ്ടപരിഹാരം കുറവാണെന്നാരോപിച്ചാണ് കുടുംബം തുക ഏറ്റുവാങ്ങാൻ തയ്യാറാകാതിരുന്നത്. എന്നാൽ
തുക വർദ്ധിപ്പിച്ച് പല തവണ നൽകാമെന്ന് അറിയിച്ചെങ്കിലും പുറം പോക്കിൽ നിന്നും മാറി താമസിക്കില്ലെന്നും ഇവർ നിലപാട് സ്വീകരിക്കുന്നുണ്ട്. റവന്യു വകുപ്പും സ്വകാര്യ സന്നദ്ധ സംഘടനയും ഇവരെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കാൻ സ്ഥലം കണ്ടെത്തി കൈമാറിയെങ്കിലും ഇവർ തയ്യാറായില്ല. ഇവരെ പുനരധിവസിപ്പിക്കാൻ സ്ഥലം കണ്ടെത്തേണ്ടതു നഗരസഭയും വാങ്ങി നൽകണ്ടേതു റവന്യൂ വകുപ്പും പണം നൽകേണ്ടത് കെ.എസ്.ടി.പിയുമാണ്. മൂന്നു വകുപ്പുകളും പരസ്പര ബന്ധമില്ലാതെ പ്രവർത്തിക്കുന്നതു പാലം നിർമാണത്തെ ബാധിക്കുന്നുവെന്നാണു പരാതി.