കുമരകം: പ്രളയം നൽകിയ കയ്‌പുനീർ ഏറെ കുടിച്ചവരാണ് കുമരം പൊങ്ങലക്കരിയിലെ ജനങ്ങൾ. അന്ന് വീടുകളിൽ പ്രളയജലം ഇരച്ചുകയറിയപ്പോൾ യാത്രാദുരിതം അനുഭവിക്കുന്ന ഈ നാട്ടുകാർ രക്ഷപ്പെടാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. യാത്രാദുരിതത്തിന് പരിഹാരം കാണാനായി കാലങ്ങളായി ഇവർ ആവശ്യപ്പെടുന്നത് ഒരു പാലമാണ്. എന്നാൽ ഇന്നും ഇവരുടെ സ്വപ്‌നം സാക്ഷാത്‌കരിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ല. 50 അടിയിലൊരു പാലം നിർമ്മിച്ചാൽ ഇവിടെയുള്ള 127 കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അറുതിയാകും. മാറിമാറി വരുന്ന ജനപ്രതിനിധികൾ വാഗ്ദാനം നൽകി മോഹിപ്പിക്കുന്നതല്ലാതെ മറ്റൊരു നടപടിയും പാലത്തിനായി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു സന്നദ്ധസംഘടന 23 വർഷം മുമ്പ് നിർമ്മിച്ചുനൽകിയ താത്കാലിക നടപ്പാലമാണ് ഈ നാട്ടുകാരുടെ ഏക ആശ്രയം. കോളനിയിലുള്ള കുടുംബങ്ങളിൽ പലർക്കും വാഹനങ്ങളുണ്ട്. നടപ്പാലത്തിന് ഇരുകരയിലും സഞ്ചാരയോഗ്യമായ റോഡുമുണ്ട്. പക്ഷേ ഇതൊന്നും പൊങ്ങലക്കരിയുടെ മണ്ണിൽ പ്രവേശിക്കില്ല എന്നുമാത്രം. മേഴ്സി രവി കോട്ടയം എം.എൽ.എ ആയിരുന്ന കാലത്താണ് പൊങ്ങലക്കരിയുടെ ദുരിതം തീർക്കാൻ കരിയിൽപ്പാലം നിർമ്മിക്കുമെന്ന ആദ്യ വാഗ്ദാനമെത്തിയത്. സർക്കാർ ഇതിനായി 1.10 കോടി രൂപ വകയിരുത്തിയതായാണ് നാട്ടുകാരുടെ ഓർമ്മ. ഏറെ വൈകാതെ നിർദ്ദിഷ്ട പാലത്തിന്റെ ഇരുകരകളിലും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ജോലികളും പൂർത്തിയാക്കിയിരുന്നെങ്കിലും പിന്നീട് നടപടിയൊന്നും ഉണ്ടായില്ല. മുമ്പ് കായൽ ആയിരുന്ന പ്രദേശം മണ്ണിട്ട് നികത്തിയെടുത്ത തുരുത്തിലാണ് 127 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നത്.
നിവേദനം നൽകിയപ്പോൾ കിട്ടിയത് 'എട്ടിന്റെ പണി'
അടുത്തകാലത്ത് ഏറെ വാർത്താപ്രാധാന്യം നേടിയ മെത്രാൻകായലിനോട് ചേർന്നുള്ള പ്രദേശമാണ് പൊങ്ങലക്കരി. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ഏറ്റെടുത്ത പ്രധാനപദ്ധതികളിലൊന്ന് തരിശായി കിടന്ന മെത്രാൻ കായൽ പാടശേഖരത്തിലെ പുനകൃഷിയായിരുന്നു. അതിന്റെ ഭാഗമായി പൊങ്ങലക്കരിയിലെത്തിയ മന്ത്രിമാരായ വി.എസ്. സുനിൽകുമാറിനേയും, ഡോ. തോമസ് ഐസക്കിനേയും നേരിൽ കണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ പാലത്തിനുവേണ്ടി നിവേദനം സമർപ്പിച്ചു. ചെറിയ വാഗ്വാദങ്ങളൊക്കെ ഉണ്ടായെങ്കിലും നിവേദനം സ്വകരിച്ച മന്ത്രിമാർ ഒരുവർഷത്തിനകം പാലം യാഥാർത്ഥ്യാമാക്കുമെന്ന് ഇവർക്ക് ഉറപ്പ് നൽകി. എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം കോളനിയിലെ നാൽപ്പതിലേറെ സ്ത്രീകൾക്ക് മന്ത്രിമാരെ തടഞ്ഞു എന്ന കേസിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് സമൻസ് വന്നപ്പോഴാണ് 'കിട്ടിയപണി'യുടെ ആഘാതം നാട്ടുകാർ തിരിച്ചറിഞ്ഞത്. അതിൽ ആറുപേർ ഇന്നും കോടതികയറിയിറങ്ങുകയാണ്.
പ്രളയം നൽകിയത്....
പ്രളയത്തിൽ പൊങ്ങലക്കരി കോളനിയിലെ മുഴുവൻ വീടുകളും വെള്ളത്തിനടിയിലായിരുന്നു. 15 വീടുകൾ പൂർണമായും 20 വീടുകൾ ഭാഗീകമായും തകർന്നു. അന്ന് പ്രളയജലം ഇരച്ചുകയറിയപ്പോൾ ജീവനും കൊണ്ട് രക്ഷപ്പെടാൻ കോളനിയിലെ താമസക്കാർ നന്നേ പ്രയാസപ്പെട്ടു.