കോട്ടയം: കഴിഞ്ഞ തവണ പ്രളയം ചതിച്ചെങ്കിലും ഇക്കുറി ഓണത്തിനുള്ള പച്ചക്കറിക്ക് തമിഴനെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ. 'ഓണത്തിന് ഒരു മുറം പച്ചക്കറി' ഇക്കുറി വിപുലമായി നടത്തുകയാണ് വകുപ്പ്. 3.06 കോടി രൂപയുടെ പച്ചക്കറി വിത്തുകളാണ് വിദ്യാർത്ഥികൾക്കും കർഷകർക്കുമായി വിതരണം ചെയ്യുന്നത്.

കഴിഞ്ഞ തവണയുണ്ടായ പ്രളയത്തിൽ ഓണത്തിനായി നടത്തുവളർത്തിയ പച്ചക്കറികൾ കൂട്ടത്തോടെ നശിച്ചെങ്കിലും ഇക്കുറിയും പദ്ധതി വിപുലമായി ന‌ടപ്പാക്കാനാണ് ലക്ഷ്യമി‌ടുന്നത്. വിദ്യാർത്ഥികൾക്ക് 10 രൂപയുടെ 3 ലക്ഷം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും കർഷകർക്ക് 10 രൂപയുടെ 30,00 പായ്ക്കറ്റുകളുമാണ് സൗജന്യമായി നൽകുന്നത്. കൃഷിഭവനുകളിലൂടെ സൗജന്യമായി 10 ലക്ഷം പച്ചക്കറി തൈകൾ നൽകുന്നതിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥികൾ, വീട്ടമ്മമാർ, സന്നദ്ധസംഘടനകളിലെ അംഗങ്ങൾ, കർഷകർ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. കർഷകർക്ക് ന്യായമായ വില നൽകും. അധികമുള്ള ഉത്പാദനം മൂലമുളള വിലത്തകർച്ച പിടിച്ചുനിർത്താനും പച്ചക്കറി വിപണനത്തിൽ ഇടനിലക്കാരെ ഒഴിവാക്കാനും കർഷകരുടെ വരുമാനം ഉയർത്താനും ശ്രമമുണ്ടാകും.

 ധനസഹായം 63.75 ലക്ഷം വരെ

വാണിജ്യാടിസ്ഥാനത്തിൽ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 ഹെക്ടർ അടങ്ങുന്ന 85 ക്ലസ്റ്ററുകൾക്ക് 75,000 രൂപവച്ച് 63.75 ലക്ഷം രൂപ ജില്ലയിൽ ധനസഹായം നൽകും. രണ്ട് ഹെക്ടർ വരെ അധികമായി കൃഷി ചെയ്താൽ ഹെക്ടറിന് 15,000 രൂപവച്ച് അധികമായും ലഭിക്കും.പമ്പ് സെറ്റുകൾ, സ്പ്രിംഗ്ളർ എന്നിവയ്ക്കും സഹായമുണ്ട്.

പ്രതീക്ഷ വാനോളം

 ഓണത്തിന് വിഷരഹിത പച്ചക്കറി

 കൃഷി എല്ലാ പഞ്ചായത്തുകളിലും

 അധികമുള്ള പച്ചക്കറി ഏറ്റെടുക്കും

 കർഷകർക്ക് ന്യായവില നൽകും

 വിലക്കയറ്റം പിടിച്ചു നിറുത്താം

'' മഴമറകൾ ഉപയോഗിച്ച് കൃഷി ചെയ്യാനും കണിക ജലസേചനം, ഫെർട്ടിഗേഷൻ തുടങ്ങിയവയ്ക്കും സൗകര്യമൊരുക്കുന്നുണ്ട്. മുരിങ്ങ, അഗത്തി, നാരങ്ങ തുടങ്ങിയ സ്ഥിര വിളകളും ഇക്കുറി വിതരണം ചെയ്യുന്നുണ്ട്'

- മീന നായർ, കൃഷിവിഭാഗം