kerala-congress

കോട്ടയം: കേരള കോൺഗ്രസി (എം)ൽ ഇരു വിഭാഗവും നേതാക്കളെയും പോഷക സംഘടനകളെയും ഒപ്പം നിറുത്തി ശക്തി സമാഹരണത്തിനുള്ള നീക്കം മുറുക്കി.

സംസ്ഥാന കമ്മിറ്റിയിലും ജില്ലാ ഭാരവാഹികളുടെ കാര്യത്തിലും ജോസ് വിഭാഗം ഭൂരിപക്ഷം അവകാശപ്പെടുമ്പോൾ പാർലമെന്ററി പാർട്ടിയിലും ഉന്നതാധികാരസമിതിയിലും ഭൂരിപക്ഷം ഉറപ്പിച്ചെന്നാണ് പി.ജെ. ജോസഫിന്റെ അവകാശവാദം. ഇരു വിഭാഗവും പ്രലോഭനം ശക്തമാക്കിയതോടെ അപ്പുറവുമിപ്പുറവുമുള്ള നേതാക്കളുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചാട്ടവും മുറുകി.

മൂന്ന് എം.എൽ.എമാരാണോ രണ്ട് എം.പിയാണോ വലുതെന്ന ചോദ്യം ഇരു വിഭാഗവും പരസ്പരം ഉയർത്തുന്നു. സി.എഫ്. തോമസ് കൂടി ഒപ്പമെത്തിയതോടെ അഞ്ചിൽ മൂന്ന് എം.എൽ.എമാരുടെ ഭൂരിപക്ഷമുള്ള ജോസഫ് വിഭാഗം അടുത്ത ദിവസം പാർലമെന്ററി പാർട്ടി യോഗം വിളിക്കും. ജോസ് പക്ഷത്തുള്ള റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എം.എൽ.എമാർ പങ്കെടുക്കുന്നില്ലെങ്കിൽ കൂറുമാറ്റനിരോധന നിയമം ബാധകമാക്കാൻ കഴിയും. യു.ഡി.എഫ് നേതാക്കളുമായി പി.ജെ. ജോസഫ് നടത്തിയ ചർച്ചയുടെ ഭാഗമായി ഈ നടപടി വൈകിപ്പിച്ചേക്കും. നേതാക്കളുടെ നിർദ്ദേശ പ്രകാരം ജോസ് കെ. മാണിയുമായി അനുരഞ്ജന ചർച്ചയ്ക്ക് ജോസഫ് തയ്യാറാണെന്നറിയിച്ചെങ്കിലും അണികളുടെ എതിർപ്പ് ഭയന്ന് ഇനി ചെയർമാൻ സ്ഥാനമൊഴിയാൻ ജോസ് കെ. മാണി തയ്യാറാകാനിടയില്ല. സി.എഫ്. തോമസിനെ ചെയർമാനാക്കാനുള്ള നീക്കം മുറുക്കിയ ജോസഫ്, ജോസ് കെ. മാണി ചെയർമാൻ സ്ഥാനത്തു തുടരുന്നത് അംഗീകരിക്കാനിടയില്ല. ഈ സാഹചര്യത്തിൽ അനുരഞ്ജന നീക്കം എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.

ചെയർമാൻ സ്ഥാനം കോടതി കയറിയതോടെ പാർട്ടി ഓഫീസ് ജോസഫ് വിഭാഗം പിടിച്ചെടുക്കുമോ എന്ന ഭീതിയിൽ പൊലീസ് കാവലിന് പുറമേ ജോസ് വിഭാഗം പ്രവർത്തകരും സുരക്ഷ ശക്തമാക്കി. ജില്ലയിലെ പ്രമുഖ നേതാക്കളുടെ വീടുകളിലും പൊലീസ് കാവൽ ഏർപ്പെടുത്തി.