പാലാ : അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ ചോരയും കണ്ണീരും ഗദ്ഗദങ്ങളുമെല്ലാം കൂട്ടിക്കുഴച്ച് ഇന്നത്തെ ലോക വായനാ ദിനത്തിൽ 'ഇഷ്ടിക' നോവലിന് വീണ്ടും അച്ചടിമഷി പുരളുന്നു. ചുട്ടുപൊള്ളുന്ന ഇഷ്ടിക ചൂളകളിലെ പണിയാളുകളുടെ പൊള്ളുന്ന ഓർമ്മകൾ കട്ടയ്ക്ക് കട്ട ചേർത്തു കെട്ടി ജോസ് ' ഇഷ്ടിക എഴുതിയത് 40 വർഷം മുമ്പാണ്. നാലാംപതിപ്പിന്റെ അച്ചടിയാണ് ഇന്നാരംഭിക്കുന്നത്.
ചൂളകളിൽ അടിമപ്പണിയെടുത്തിരുന്ന തൊഴിലാളികളുടെ ജീവിത കഥ ഹൃദയസ്പർശിയായി അവതരിപ്പിച്ച ഇഷ്ടിക ചൂടപ്പം പോലെ ആദ്യകാലങ്ങളിൽ വിറ്റു പോയി. ഇന്ന് ഇഷ്ടികക്കളങ്ങൾ ഓർമ്മയായി. പുതു തലമുറയ്ക്ക് മുന്നിൽ ഇഷ്ടികകളേക്കാൾ പരിചയം നഗരവൽക്കരണത്തിന്റെ കോൺക്രീറ്റ് ഉത്പന്നമായ ഹോളോബ്രിക്‌സുകളോടായി. എങ്കിലും ചൂളകളിലെ കൊടുംചൂടിൽ കട്ടിയായ കട്ടകളെപ്പോലെ ജീവിത കാഠിന്യം കൊണ്ട് ഉറച്ചു പോയ ജീവിത കഥകൾക്ക് ഇപ്പോഴും വായനക്കാരുണ്ടെന്നത് കഥാകൃത്തിന്റെ നേരനുഭവം. പാലാ സെന്റ് തോമസ് കോളജിൽ പഠിച്ചു കൊണ്ടിരിക്കെ ഇരുപത്തിരണ്ടാം വയസിലാണ് ജോസ് ഇഷ്ടിക എഴുതുന്നത്. കിടങ്ങൂർ, കട്ടച്ചിറ എന്നീ പ്രദേശങ്ങളിൽ അക്കാലത്ത് നിറയെ കട്ടക്കളങ്ങളുണ്ടായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് തൊഴിലാളികളും. പുലർച്ചെ കളത്തിലെത്തി പണി തുടങ്ങണം. രാത്രി വൈകി ചൂളകളിൽ കട്ടകൾ അടുക്കി തീയിട്ടതിനു ശേഷമേ മടങ്ങിപ്പോകാനാകൂ. തൊഴിലാളി നിയമങ്ങളൊന്നും ഇഷ്ടികക്കളങ്ങളിൽ ബാധകമായിരുന്നതേയില്ല. പക്ഷെ വരുന്ന ആർക്കും പണിയുണ്ടായിരുന്നു.
കോളേജവധിയിൽ ഒരു തൊഴിലാളിയായി അഭിനയിച്ച് ഇഷ്ടികക്കളത്തിൽ കയറിക്കൂടി പൊരിവെയിലിൽ പണി ചെയ്താണ് നോവലിനുള്ള കഥാ തന്തു ജോസ് കണ്ടെത്തിയത്. അടിമത്വവും ചൂഷണവും മൂലം രാത്രി കാലങ്ങളിൽ പണിക്കാർ ഒളിച്ചോടുക അക്കാലത്ത് പതിവായിരുന്നു. ജോസാകട്ടെ പണിക്കൂലി പോലും വാങ്ങാതെ നട്ടുച്ചയ്ക്ക് കളത്തിൽ നിന്നും ഒളിച്ചോടി. ഇഷ്ടികയുടെ ആയിരത്തഞ്ഞൂറ് കോപ്പിയാണ് ആദ്യം അച്ചടിച്ചത്. 6 രൂപയായിരുന്നു വില. പുതിയ പതിപ്പിന് 150 രൂപയാണ് വില. അറുപതോളം പുസ്തകങ്ങൾ ജോസ് എഴുതിയിട്ടുണ്ട്. മോളിയാണ് ഭാര്യ. ഏക മകൾ മോനിക്ക സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു.