കോട്ടയം: മുള്ളൻകുഴിയിൽ അതിജീവനപോരാട്ടം നടത്തുന്ന നാല് പട്ടികജാതി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച ജലഅതോറിട്ടിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ഇത് സംബന്ധിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയത്തെ പൊതുപ്രവർത്തകൻ കെ.എസ്. പത്മകുമാറാണ് കേരളകൗമുദി വാർത്തയും ഇത് സംബന്ധിച്ച പരാതിയും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പരാതി പരിഗണിച്ച് അടിയന്തിര നടപടിസ്വീകരിക്കാൻ ഇന്നലെ ഉച്ചക്ക് സംസ്ഥാന വാട്ടർ അതോറിട്ടി മാനേജിംഗ് ഡയറക്ടർക്കും, കോട്ടയം ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിർദ്ദേശം നൽകി. മുള്ളൻകുഴിയിൽ കോട്ടയം നഗരസഭ നിർമ്മിച്ചുനൽകിയ ഫ്ലാറ്റിൽ വീടുകൾ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും, മാനദണ്ഡങ്ങൾ പ്രകാരം തങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം നിക്ഷേധിച്ചെന്നും ആരോപിച്ചാണ് മാടത്തി, മുനിയമ്മ, വീരലക്ഷ്മി, രാജലക്ഷ്മി എന്നിവർ രംഗത്തുവന്നത്. പുതിയ ഫ്ലാറ്റിൽ വീട് അനുവദിച്ചുകിട്ടുന്നതുവരെ തങ്ങൾ പഴയ താസമസ്ഥലത്ത് നിന്ന് ഒഴിഞ്ഞുപോകില്ല എന്ന് പരാതിക്കാർ നിലപാട് എടുത്തു. അതിനിടെ ഇവരെ കുടിയൊഴിപ്പിക്കാനുള്ള നഗരസഭയുടെ നീക്കം ഹൈക്കടതി താത്കാലികമായി തടഞ്ഞിരുന്നു. ഇതിനിടെയാണ് കോളനിയിലേക്കുള്ല കുടിവെള്ള വിതരണ പൈപ്പുലൈൻ വാട്ടർ അതോറിട്ടി അടച്ചുപൂട്ടിയത്. കുടിവെള്ളം മുട്ടിച്ച് തങ്ങളെ താമസസ്ഥലത്തനിന്ന് ഒഴിപ്പിക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് ഇവർ നഗരസഭയെ സമീപിച്ചിരുന്നെങ്കിലും പൈപ്പ്‌ലൈൻ പുനസ്ഥാപിച്ചിരുന്നില്ല. മൂന്ന് വിധവകൾ ഉൾപ്പെടെ പട്ടികജാതിക്കാരായ നാല് വൃദ്ധസ്ത്രീകളുടെ കുടുംബത്തിന് കുടിവെള്ളം തടഞ്ഞ സംഭവത്തിൽ പത്രവാർത്തയുടെ പകർപ്പ് സഹിതം പത്മകുമാർ നൽകിയ പരാതിയെത്തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസ് എടുത്തിട്ടുണ്ട്.