കോട്ടയം: പ്രധാനമന്ത്രി സ്വച്‌ഭാരത് മിഷന്റെ ഭാഗമായി ജില്ലയിലെ 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുകേന്ദ്രങ്ങളിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നു. പദ്ധതി വിഹിതത്തിന്റെ പത്തു ശതമാനമാണ് ഓരോ തദ്ദേശ സ്ഥാപനങ്ങളും ഇതിനായി മാറ്റി വയ്‌ക്കാൻ നിർദേശിച്ചിരിക്കുന്നത്. ശുചിത്വ മിഷനാണ് പ്ലാന്റുകൾ സ്ഥാപിക്കുന്ന ചുമതല.
10.75 കോടി രൂപയാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ളത്. ഈ തുക ഉപയോഗിച്ച് പൊതു ശൗചാലയങ്ങൾ നിർമ്മിക്കുകയും, സ്‌കൂളുകളിലും സർക്കാർ ഓഫീസുകളിലും, പൊതു കേന്ദ്രങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുകയുമാണ് പദ്ധതി. കൂടുതൽ സ്ഥലത്തും തുമ്പൂർമുഴി പദ്ധതിയാണ് പരിഗണിക്കുന്നത്. ചിലയിടങ്ങളിൽ ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുന്നുണ്ട്. പ്രതിദിനം 25 കിലോ വരെ മാലിന്യം സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റുകളാണ് നിർമ്മിക്കുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾക്കാണ് പ്ലാന്റിന്റെ മേൽനോട്ട ചുമതല . ജില്ലയിലെ 60 പഞ്ചായത്തുകളിലും ഒക്ടോബർ ആദ്യത്തോടെ പദ്ധതി പൂർത്തിയാക്കും.
ശേഖരിച്ചത് 622 ടൺ പ്ലാസ്റ്റിക്ക്
കഴിഞ്ഞ 30 വരെ ജില്ലയിൽ നിന്ന് ക്ലീൻ കേരള കമ്പനി ഹരിത സേനാംഗങ്ങൾ വഴി ജില്ലയിലെ വീടുകളിൽ നിന്ന് ശേഖരിച്ചത് 622 ടൺ പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. മാലിന്യങ്ങൾ കേരള എൻക്രോ ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനി വഴി സംസ്‌കരിച്ചു.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന് ശുചിത്വ മിഷൻ എന്നും ഒപ്പമുണ്ടാകും.
ഫിലിപ്പ് ജോസഫ്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ