പാലാ : ഇളംതലമുറയെ വീഴ്ത്താൻ ലഹരിമാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായും കുട്ടികളെ മയക്കുമരുന്നിന്റെ വാഹകരായും ഉപയോക്താക്കളായും മാറ്റുന്നതായും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും സി.ബി.സി.ഐ ഉപാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. അന്താരാഷ്ട്ര ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് പാലാ രൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ത്രൈമാസാചരണ പരിപാടികൾ സെന്റ് തോമസ് ട്രെയിനിംഗ് കോളജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരിച്ചറിവില്ലാത്തതാണ് ലഹരിയുടെ പിടിയിലേക്ക് വീഴുന്നതിന് മുഖ്യകാരണം. മദ്യമയക്കുമരുന്നുകളുടെ ഉപയോഗം ക്രിമിനലുകൾക്കും ഗുണ്ടാസംഘങ്ങൾക്കും വീര്യംപകരുന്നു എന്നതിന്റെ തെളിവാണ് സമീപകാല കൊലപാതകങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും. പൊതുസമൂഹത്തിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കൂടി. എന്നാൽ മനുഷ്യരായി ജീവിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും ബിഷപ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ.മാത്യു പുതിയിടത്ത്, ബെന്നി കൊള്ളിമാക്കിയിൽ, സിസ്റ്റർ റെനി മേക്കലാത്ത്, എം.ജെ. തോമസ്, ജോസ് കവിയിൽ, ആകാശ് ആന്റണി, മറിയമ്മ ലൂക്കോസ്, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേൽ, ഏബ്രഹാം ഫ്രഞ്ചി എന്നിവർ പ്രസംഗിച്ചു.