വൈക്കം : രണ്ട് വർഷമായി പ്രതിഫലം ലഭിക്കാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ). വിരമിച്ചവരും അംഗൻവാടി ടീച്ചർമാർ ഉൾപ്പെടെയുള്ള ബി.എൽ.ഒമാരെയാണ് പ്രതിഫലം മുടങ്ങിയത് സാരമായി ബാധിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിലെ പ്രതിഫലമാണ് ബി.എൽ.ഒമാർക്ക് ലഭിക്കാത്തത്. ബി.എൽ.ഒമാർക്ക് സംസ്ഥാനത്ത് മുഴുവനും പ്രതിഫലത്തിന്റെ കാര്യത്തിൽ ഇതാണ് സ്ഥിതി. പ്രതിഫലത്തിന്റെ കാര്യത്തിൽ താലൂക്ക് തലം മുതൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വരെ കൈയൊഴിയുകയാണെന്നാണ് ബി.എൽ.ഒമാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസിൽ അന്വേഷിക്കുന്നവരോട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടാനാണ് നിർദ്ദേശം നൽകുന്നത്. എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാകട്ടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് പ്രതിഫലം നൽകേണ്ടതെന്ന നിലപാടിലാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടുമ്പോൾ ബി.എൽ.ഒമാരുടെ പ്രതിഫലകാര്യം പരിഗണനയിലാണെന്ന ഉത്തരമാണ് ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. പ്രതിഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് അനുവദിക്കുന്നതെന്നും കളക്ട്രേറ്റിൽ നിന്നും വരുന്ന തുക വിതരണം ചെയ്യുക മാത്രമാണ് താലൂക്കിന് ഉള്ളതെന്നുമാണ് താലൂക്ക് അധികൃതരുടെ മറുപടി. തുച്ഛമായി ലഭിക്കുന്ന പ്രതിഫലം പോലും കിട്ടാത്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ചോദ്യമാണ് ഓരോ ബി.എൽ.ഒയുടേയും മുമ്പിലുള്ളത്.