മാഞ്ഞൂർ: ഒരു വർഷം മുന്പ് ആരംഭിച്ച മാഞ്ഞൂർ മേൽപ്പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും പണി ഇതുവരെ പൂർത്തിയാകാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. കുത്തനെയുള്ള ഇരുമ്പ് പാലമാണ് താത്കാലികമായി കാൽനട യാത്രക്കാർ ഉപയോഗിക്കുന്നത്. എന്നാൽ കുത്തനെയുള്ള ഈ പാലത്തിലൂടെ ഭീതിയോടെ സഞ്ചരിച്ചാണ് പ്രായമായവരും ചെറിയ കുട്ടികളുമടക്കം ബസ് സ്റ്റോപ്പിലെത്തുന്നത്. റെയിൽവേയുടെ ഇരട്ടപ്പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലം പൊളിച്ചിരുന്നു. മേൽപ്പാലം പണി ഏകദേശം പൂർത്തിയായിട്ടുണ്ടെങ്കിലും ഇതിലേക്കുള്ള അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റടുക്കൽ നടപടി പൂർത്തിയായിട്ടില്ല. ഈ പാലം പണി പൂർത്തിയായൽ മള്ളിയൂർ, വെച്ചൂർ, ചേർത്തല, കല്ലറ ഭാഗത്തേക്ക് ഇതുവഴി വളരെ പെട്ടന്ന് എത്തുവാൻ സാധിക്കും. അതിനാൽ എത്രയും പെട്ടെന്ന് റെയിൽവേ മേൽപ്പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.