കോട്ടയം: കെവിനെ പ്രതികൾ വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നതിനുള്ള തെളിവുകൾ സ്ഥിരീകരിച്ച് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി. ഒന്നാം പ്രതിയായ ഷാനു ചാക്കോയെ , ഗാന്ധിനഗർ സ്റ്റേഷനിലെ എ.എസ്.ഐ ബിജു വിളിച്ച സമയത്ത് കെവിൻ കൊല്ലപ്പെട്ടിരുന്നതായി ഗിരീഷ് പി.സാരഥി പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ മൊഴി നൽകി.
2018 മേയ് 27 ന് പ്രതികളും എ.എസ്.ഐ ബിജുവും തമ്മിൽ സംസാരിക്കുമ്പോൾ കെവിൻ രക്ഷപ്പെട്ടിരുന്നെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, പ്രതികളുടെ കൈയിൽ നിന്ന് കെവിൻ രക്ഷപ്പെടുകയല്ല, കൊല്ലപ്പെടുകയായിരുന്നെന്ന് ഗിരീഷ് പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടു പോയതായും, കൊലപ്പെടുത്തിയതായും പ്രതികൾ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. പരിശോധനകളിൽ ഈ മൊഴി ശരിയാണെന്നും തെളിഞ്ഞിട്ടുണ്ട്.
നീനുവിനെ കെവിൻ വിവാഹം കഴിച്ചത് പ്രതികൾക്ക് ഇഷ്‌ടമായില്ലെന്നും, ഇത് ഇവർ പലരോടും പറഞ്ഞിട്ടുണ്ടെന്നും ഡിവൈ.എസ്.പി അറിയിച്ചു. കെവിന്റേത് മുങ്ങിമരണം മാത്രമല്ലേയെന്നും പ്രോസിക്യൂഷന് അതിലപ്പുറം എന്താണ് സ്ഥാപിക്കാൻ കഴിഞ്ഞതെന്നും പ്രതിഭാഗം ചോദിച്ചു. ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് സ്ഥാപിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.സി.എസ് അജയൻ ഹാജരായി.