തലയോലപ്പറമ്പ്:ചാർത്തിലെ അടുക്കളയിൽ നിന്നും തീ പടർന്ന് ഇരുചക്ര വാഹനവും വീട്ടുപകരണങ്ങളും കത്തിനശിച്ചു. എസ്.എൻ.ഡി.പി യോഗം മറവൻതുരുത്ത് വാഴക്കാട് ശാഖ ഓഫീസിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. മറവൻതുരുത്ത് പാറക്കാട്ട് ശ്രീകൃഷ്ണന്റെ വീടിനോട് ചേർന്നുള്ള ചാർത്തിലെ അടുക്കളയിൽ നിന്നാണ് തീപടർന്നത്.ഭക്ഷണം പാചകം ചെയ്ത ശേഷം ഇട്ടിരുന്ന വിറക് അടുപ്പിൽ നിന്നും സമീപത്ത് വച്ചിരുന്ന ആക്ടീവ സ്‌കൂട്ടറിലേക്കും വീട്ടുപകരണങ്ങളിലേക്കും തീ ആളിപ്പടരുകയായിരുന്നു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തീ ഉയരുന്നത് കണ്ട സമീപവാസികളാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. വൈക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം. പി സജീവിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിേേധയമാക്കിയത്. ഫയർ യൂണിറ്റ് കടന്നുചെല്ലാൻവഴിഇല്ലാതിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമായിരുന്നു. ചാർത്തിലുണ്ടായിരുന്ന പുതിയ ആക്ടിവ സ്‌കൂട്ടർ, സൈക്കിൾ, മിക്‌സി, സൗണ്ട് സിസ്റ്റം, ഫർണീച്ചർ അടക്കമുള്ള വീട്ടുപകരണങ്ങൾ എന്നിവ പൂർണ്ണമായി കാത്തി നശിച്ചു. ഓട് മേഞ്ഞ ചാർത്തിന്റെ കഴുക്കോലും പട്ടികയും തീടിച്ചതിനെ തുടർന്ന് കത്തിക്കരിഞ്ഞ് നിലംപൊത്തി. ഫയർഫോഴ്‌സ് ഉടൻ തീ കെടുത്തിയതിനാൽ വീട്ടിലേക്ക് തീ പടരാതെ ദുരന്തം ഒഴിവാകുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.